റിയാദ്: സൗദിയിലെ മാത്രമല്ല, മേഖലയിലെ തന്നെ ഏറ്റവും വലിയ വിനോദ, ഉല്ലാസ നഗരമെന്നോണം ആസൂത്രണം ചെയ്ത ഖിദിയയിൽ നിർമിക്കുന്ന കൂറ്റൻ ശിൽപങ്ങൾ ശ്രദ്ധയാകർഷിക്കുന്നു.
പല ശിൽപങ്ങളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. ചില ശിൽപങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ശിൽപങ്ങളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അങ്ങേയറ്റത്തെ കൃത്യതയിലും ഉയർന്ന നിലവാരത്തിലും സൗദി വിദഗ്ധർ തയാറാക്കിയ ശിൽപ ഡിസൈനുകളെ സാമൂഹികമാധ്യമ ഉപയോക്താക്കൾ പ്രശംസിച്ചു.
റിയാദിലെ ആഗോള വിനോദ നഗരമായ ഖിദിയയിലെ പദ്ധതികളിലൊന്നായ അക്വേറിയ വാട്ടർ പാർക്കിലാണ് ശിൽപങ്ങളുള്ളത്. ഖിദിയയിലെ പ്രധാന വിനോദ പാർക്കുകളുടെ നിർമാണം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയിലെ പ്രമുഖ വിനോദ കേന്ദ്രമായ ഖിദിയ റിയാദിനെ ബഹുമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന കൂടുതൽ സാംസ്കാരിക കേന്ദ്രങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തുന്നു.

ഖിദിയയിൽ അക്വേറിയയുടെയും സിക്സ് ഫഌഗ്സ് അമ്യൂസ്മെന്റ് പാർക്കിന്റെയും നിർമാണം പുരോഗമിക്കുകയാണ്. രണ്ട് പാർക്കുകളുടെയും നിർമാണം ഈ വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
സൗദി അറേബ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെയും മേഖലയിലെ ഏറ്റവും വലുതുമായ വാട്ടർ പാർക്കാണ് അക്വേറിയ. 22 റൈഡുകളും കുടുംബ സൗഹൃദ ജല അനുഭവങ്ങളും ഉള്ളതിനാൽ ലോകമെമ്പാടുമുള്ള സന്ദർശകരെ ഇത് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും ഉയരമുള്ള വാട്ടർ റോളർ കോസ്റ്റർ, ഏറ്റവും ഉയരമുള്ള വാട്ടർ സ്ലൈഡ്, ഏറ്റവും നീളമുള്ള റേസിംഗ് ട്രാക്ക് എന്നിവ ഈ അനുഭവങ്ങളിൽ ഉൾപ്പെടുന്നു. പൂർണമായും വെള്ളത്തിൽ മുങ്ങാവുന്ന കാറുകൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ അണ്ടർവാട്ടർ സാഹസിക യാത്രയും അക്വേറിയയിൽ ഉണ്ടാകും. രണ്ടര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അക്വേറിയ വാട്ടർ പാർക്ക് നിർമിക്കുന്നത്.