റിയാദ് – ഏപ്രില്‍ 29 അഥവാ ദുല്‍ഖഅദ് ഒന്നു മുതല്‍ മക്കയിലേക്ക് ഹാജ് വിസയിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂവെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഉംറ വിസയിലുള്ളവര്‍ സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 13നാണ്. അവര്‍ ഏപ്രില്‍ 29ന് തിരിച്ചുപോകണം. മക്കയിലേക്ക് പോകാനാഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 23 മുതല്‍ പ്രത്യേക പെര്‍മിറ്റ് നല്‍കിതുടങ്ങും. പെര്‍മിറ്റ് ലഭിക്കാത്തവര്‍ക്ക് മക്കയിലേക്ക് പ്രവേശനമുണ്ടാകില്ല. അവരെ തിരിച്ചയക്കും. പുണ്യഭൂമിയില്‍ ജോലി ചെയ്യാനുള്ളവര്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പ്രവേശനാനുമതി ലഭിക്കും. മക്കയില്‍ നിന്ന് ഇഷ്യൂ ചെയ്ത ഇഖാമയുള്ളവര്‍ക്കും ഹജ് തസ്‌രീഹ് ഉള്ളവര്‍ക്കും താത്കാലിക ജോലിക്ക് അബ്ശിര്‍, മുഖീം വഴി പെര്‍മിറ്റ് എടുത്തവര്‍ക്കും മക്കയില്‍ പ്രവേശിക്കാവുന്നതാണ്.
ഹജ് വിസ ലഭിച്ചവര്‍ ഒഴികെ ഏതുതരം വിസകളും കൈവശമുള്ള വിദേശികളെ ഏപ്രില്‍ 29 മുതല്‍ ഹജ് പൂര്‍ത്തിയാകുന്നതു വരെയുള്ള കാലത്ത് മക്കയില്‍ പ്രവേശിക്കാനും മക്കയില്‍ തങ്ങാനും അനുവദിക്കില്ല.
ഈ വര്‍ഷത്തെ ഹജ് സീസണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഇതടക്കം ഈ വര്‍ഷത്തെ ഹജ് സീസണിനുള്ള തയാറെടുപ്പിന്റെ ഭാഗമായി, ഹജ് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും സുരക്ഷിതത്വത്തോടെയും പ്രയാസരഹിതമായും മനസ്സമാധാനത്തോടെയും ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവര്‍ക്ക് സൗകര്യമൊരുക്കാനും ലക്ഷ്യമിട്ട് അഞ്ചു ക്രമീകരണങ്ങള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി ശവ്വാല്‍ 15 (ഏപ്രില്‍ 13) ഞായറാഴ്ചയാണ്. വിദേശങ്ങളില്‍ നിന്ന് എത്തിയ ഉംറ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന തീയതി ദുല്‍ഖഅ്ദ ഒന്ന് (ഏപ്രില്‍ 29) ചൊവ്വാഴ്ചയാണ്.
ഏപ്രില്‍ 23 ബുധനാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന, സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് നേടണം. നിയമാനുസൃത പെര്‍മിറ്റ് ഇല്ലാത്ത വിദേശികളെ മക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ് തിരിച്ചയക്കും. ഹജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുള്‍ നല്‍കുന്ന പ്രത്യേക പെര്‍മിറ്റും, മക്കയില്‍ ഇഷ്യു ചെയ്ത ഇഖാമയും, ഹജ് പെര്‍മിറ്റും മക്കയില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റ് ആയി പരിഗണിക്കും. ഹജ് സീസണില്‍ മക്കയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മക്കയിലേക്കുള്ള പ്രവേശന പെര്‍മിറ്റുകള്‍ അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് പ്ലാറ്റ്ഫോമും മുഖീം പോര്‍ട്ടലും വഴി ഇലക്‌ട്രോണിക് ആയാണ് അനുവദിക്കുക.
സൗദി പൗരന്മാര്‍ക്കും നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും മറ്റു വിസകളില്‍ രാജ്യത്ത് കഴിയുന്നവര്‍ക്കും നുസുക് പ്ലാറ്റ്ഫോം വഴി ഉംറ പെര്‍മിറ്റുകള്‍ നല്‍കുന്നത് ഏപ്രില്‍ 29 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 10 തിങ്കളാഴ്ച വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കും.