ഗാസ – ഗാസയില്‍ നടക്കുന്നത് യുദ്ധമല്ലെന്നും മറിച്ച്, വംശഹത്യയാണെന്നും ഫലസ്തീനികളുടെ ജീവന് സംരക്ഷണമില്ലെന്നും ഫലസ്തീനില്‍ മനുഷ്യാവകാശങ്ങള്‍ക്കുള്ള പ്രത്യേക യു.എന്‍ റാപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് പറഞ്ഞു. റഫയില്‍ പാരാമെഡിക്കുകള്‍ കൊല്ലപ്പെട്ടതിന്റെ തെളിവുകള്‍ ഇസ്രായില്‍ മറച്ചുവെച്ചിരിക്കുന്നു. ഫലസ്തീനികളെ കൊല്ലുന്നതില്‍ ഇസ്രായേല്‍ സൈന്യത്തിന് യാതൊരുവിധ നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ല.
ഗാസയില്‍ സിവിലിയന്മാരെ സംരക്ഷിക്കുന്നതായി പാശ്ചാത്യ നേതാക്കള്‍ അവകാശപ്പെടുന്നു. ഇതേസമയം ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അവര്‍ ചുവപ്പ് പരവതാനി വിരിക്കുന്നു. അന്താരാഷ്ട്ര നിയമം സംരക്ഷിക്കുന്നതിനേക്കാളും ഫലസ്തീനികളെ സംരക്ഷിക്കുന്നതിനേക്കാളും നെതന്യാഹുവിനെ സംരക്ഷിക്കുന്നതാണ് പ്രധാനമെന്ന് അവര്‍ കരുതുന്നു. പാശ്ചാത്യലോകത്ത് സ്വാതന്ത്ര്യങ്ങള്‍ ലംഘിക്കപ്പെടുന്നു. സ്വാതന്ത്ര്യങ്ങളെ തകര്‍ക്കുകയും സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെ വിപ്ലവം അരങ്ങേറണമെന്നും യു.എന്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു.
അതേസമയം, 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായില്‍ ആക്രമണം ആരംഭിച്ചതു മുതല്‍ ഗാസയില്‍ മരണസംഖ്യ 50,669 ആയി ഉയര്‍ന്നതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. ആക്രമണം ആരംഭിച്ച ശേഷം പരിക്കേറ്റവരുടെ എണ്ണം 1,15,225 ആയി ഉയര്‍ന്നു. ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത നിരവധി ഇരകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലെ ആശുപത്രികളില്‍ 60 രക്തസാക്ഷികളുടെ മൃതദേഹങ്ങളും 162 പരിക്കേറ്റവരും എത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മാര്‍ച്ച് 18 ന് ഇസ്രായില്‍ യുദ്ധം പുനരാരംഭിച്ച ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 1,309 ഉം പരിക്കേറ്റവരുടെ എണ്ണം 3,184 ആയി ഉയര്‍ന്നതായും മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ 19 ലക്ഷം ആളുകള്‍ ആവര്‍ത്തിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതായി യു.എന്‍ റിലീഫ് ഏജന്‍സി അറിയിച്ചു. ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 19 ലക്ഷം ആളുകള്‍ ബോംബാക്രമണം, ഭയം, നഷ്ടം എന്നിവക്കിടയില്‍ ആവര്‍ത്തിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നത് മാര്‍ച്ച് 18 നും 23 നും ഇടയില്‍ മറ്റൊരു പലായന തരംഗത്തിന് കാരണമായി. ഇത് 1,42,000 ലേറെ ആളുകളെ ബാധിച്ചു. ജാന എന്ന പെണ്‍കുട്ടി ഇവരില്‍ ഒരാളാണ്. ഞങ്ങള്‍ അവളെ 2024 ഓഗസ്റ്റില്‍ അഭയാര്‍ഥികളുടെ കൂട്ടത്തില്‍ കണ്ടുമുട്ടി. കഴിഞ്ഞ മാസം അവസാനത്തില്‍ വീണ്ടും
മറ്റൊരിടത്ത് അഭയാര്‍ഥികളുടെ കൂട്ടത്തില്‍ അവരെ കണ്ടു. ജാനക്കും മറ്റെല്ലാ കുട്ടികള്‍ക്കും ഇപ്പോള്‍ വെടിനിര്‍ത്തല്‍ ആവശ്യമാണെന്ന് യു.എന്‍ റിലീഫ് ഏജന്‍സി പറഞ്ഞു. ഗാസയിലുടനീളം അപ്രതീക്ഷിതമായ വ്യോമാക്രമണങ്ങള്‍ നടത്തി നൂറുകണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കി മാര്‍ച്ച് 18 ന് ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ഇസ്രായില്‍ അവസാനിപ്പിക്കുകയായിരുന്നു.
ക്യാപ്.
ഗാസയിലെ തെരുവിലൂടെ പലായനം ചെയ്യുന്ന ഫലസ്തീനികള്‍