മക്ക – ഉംറ തീര്‍ഥാടകരല്ലാത്തവരെ ബസുകളില്‍ ഹറമിലേക്ക് കൊണ്ടുപോകുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. റമദാനില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ദിവസേന വൈകീട്ട് അഞ്ചര മുതല്‍ പുലര്‍ച്ചെ തഹജ്ജുദ് നമസ്‌കാരം പൂര്‍ത്തിയായി കടുത്ത തിരക്ക് അവസാനിക്കുന്നതു വരെയുള്ള സമയത്ത് തീര്‍ഥാടകരല്ലാത്തവരെ ഹറമിലേക്ക് ബസുകളില്‍ കൊണ്ടുപോകുന്നത് കര്‍ശനമായി വിലക്കി. ബസ്, റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്നും മക്കകത്തും പുറത്തുമുള്ള പാര്‍ക്കിംഗുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഉംറ തീര്‍ഥാടകരല്ലാത്തവരെ ഹറമിലേക്ക് ബസുകളില്‍ കൊണ്ടുപോകുന്നത് അവസാനിപ്പിക്കാൻ സുരക്ഷാ വകുപ്പുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് യാത്രാ സേവനം നല്‍കുന്ന ബസ് കമ്പനികളുടെ കൂട്ടായ്മയായ ജനറല്‍ സിണ്ടിക്കേറ്റ് ഓഫ് കാര്‍സിനു കീഴിലെ ബസ് കമ്പനി മേധാവികള്‍ക്കും മക്ക പൊതുഗതാഗത കേന്ദ്രം സി.ഇ.ഒക്കും അടച്ച അടിയന്തിര സര്‍ക്കുലറില്‍ സിണ്ടിക്കേറ്റ് ആക്ടിംഗ് ജനറല്‍ പ്രസിഡന്റ് ഉസാമ ബിന്‍ അബ്ദുല്‍വഹാബ് സംകരി അറിയിച്ചു.
റമദാന്‍ അവസാന പത്തില്‍ തീര്‍ഥാടകരുടെയും വിശ്വാസികളുടെയും കടുത്ത തിരക്കാണ് ഹറമില്‍ അനുഭവപ്പെടുന്നത്. തീര്‍ഥാടകരുടെ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍, സുരക്ഷാ, സേവന വകുപ്പുകള്‍ പരസ്പര സഹകരണത്തോടെ കൂട്ടായി പ്രയത്‌നിക്കുകയും തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കുകയും വേണം.
മക്ക മുഴുവന്‍ മസ്ജിദ് ആണ്. വിശ്വാസികളായ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മസ്ജിദുകള്‍ മക്കയിലെങ്ങുമുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഉംറ തീര്‍ഥാടകരല്ലാത്ത, നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും ഇഫ്താറില്‍ പങ്കെടുക്കാനും ആഗ്രഹിച്ച് ഹറമിലേക്ക് പോകുന്നവരെ വൈകീട്ട് അഞ്ചര മുതല്‍ പുലര്‍ച്ചെ തഹജ്ജുദ് നമസ്‌കാരം പൂര്‍ത്തിയാകുന്നതു വരെയുള്ള തിരക്കേറിയ സമയത്ത് ഹറമിലേക്ക് ബസുകളില്‍ കൊണ്ടുപോകുന്നത് നിര്‍ത്താന്‍ സുരക്ഷാ വകുപ്പുകള്‍ നിര്‍ദേശിച്ചത്.
തീര്‍ഥാടകരെയും മറ്റു താമസക്കാരെയും ഹറമിലും തിരിച്ചുമെത്തിക്കാന്‍ ഹോട്ടലുകളുമായി കരാറുകള്‍ ഒപ്പുവെച്ച ബസ് കമ്പനികള്‍ വിലക്ക് കര്‍ശനമായി പാലിക്കണം. വിലക്ക് സമയത്ത് ഹോട്ടലുകളില്‍ നിന്നും പാര്‍ക്കിംഗുകളില്‍ നിന്നും റെയില്‍വെ, ബസ് സ്റ്റേഷനുകളില്‍ നിന്നും മറ്റും തീര്‍ഥാടകരല്ലാത്തവരുമായി ബസുകള്‍ ഹറമിലേക്ക് പോകാന്‍ പാടില്ല. ഇക്കാര്യം ഹോട്ടലുകളെ അറിയിക്കുന്നതിന്റെ ഉത്തരവാദിത്തം ബസ് കമ്പനികള്‍ക്കാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിലക്ക് കാര്യം ഹോട്ടലുകള്‍ താമസക്കാരെ അറിയിക്കുകയും ഹോട്ടലുകള്‍ക്കു സമീപമുള്ള മസ്ജിദുകളില്‍ വെച്ച് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കുകയും വേണം. വിലക്കുള്ള സമയത്ത് തീര്‍ഥാടകരല്ലാത്തവരെ ഹറമിലേക്ക് നീക്കം ചെയ്ത് പിടിയിലാകുന്ന ബസുകള്‍ നടത്തുന്ന നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങള്‍ ബസ് കമ്പനികള്‍ വഹിക്കേണ്ടിവരുമെന്നും ബസ് കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലര്‍ പറഞ്ഞു.