മക്ക – ഉംറ കര്‍മം പൂര്‍ത്തിയാക്കിയ ശേഷം വനിതാ തീര്‍ഥാടകരുടെ മുടി മുറിക്കാനും ഹറംകാര്യ വകുപ്പ് ഹറമില്‍ മൊബൈല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ ഏര്‍പ്പെടുത്തി. ഹറമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ തീര്‍ഥാടകരുടെ മുടി മുറിക്കാന്‍ ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. തീര്‍ഥാടന കര്‍മം പൂര്‍ത്തിയാക്കിയ ശേഷം പുരുഷന്മാരുടെ ശിരസ്സ് മുണ്ഡനം ചെയ്യാനും മുടിമുറിക്കാനും ഹറംകാര്യ വകുപ്പ് ഇത്തവണത്തെ റമദാന്‍ ആദ്യത്തില്‍ മൊബൈല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതകള്‍ക്കും സമാന സൗകര്യം ഒരുക്കിയിരിക്കുന്നത്.
വനിതകള്‍ക്കു മര്‍വ ഗെയ്റ്റിനു സമീപം രണ്ടു മൊബൈല്‍ ബാര്‍ബര്‍ ഷോപ്പുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ തീര്‍ഥാടകരുടെ പൂര്‍ണ സ്വകാര്യത ഉറപ്പുവരുത്തിയാണ് മൊബൈല്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ സേവനം നല്‍കുന്നത്. സേവനം നല്‍കാന്‍ വനിതാ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ മൊബൈല്‍ സലൂണിലും മൂന്നു വനിതാ ജീവനക്കാര്‍ വീതമാണ് ഒരേസമയം സേവനമനുഷ്ഠിക്കുന്നത്. ഇതില്‍ ഒരാള്‍ സലൂണിലേക്കുള്ള പ്രവേശനവും മറ്റും ക്രമീകരിക്കുകയും രണ്ടാമത്തെയാള്‍ പ്രൊഫഷനല്‍ രീതിയില്‍ സേവനം നല്‍കുകയും മൂന്നാമത്തെയാള്‍ ശുചീകരണ ജോലികള്‍ നിര്‍വഹിക്കുകയും ചെയ്യും.

പൂര്‍ണമായും സുരക്ഷിതവും അണുവിമുക്തവുമാക്കിയ ഉപകരണങ്ങളാണ് മൊബൈല്‍ സലൂണുകളില്‍ ഉപയോഗിക്കുന്നത്. തിരക്കേറുന്ന സമയങ്ങളില്‍ ആവശ്യാനുസരണം എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാമെന്നത് മൊബൈല്‍ സലൂണുകളുടെ സവിശേഷതയാണ്. ഇവിടങ്ങളില്‍ സേവനം സൗജന്യമാണ്. അതേസമയം, ഹറമുകളുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, അവയുടെ പദവി മഹത്വപ്പെടുത്താനും വിലമിതിക്കാനും പ്രത്യേക താല്‍പര്യം കാണിക്കണമെന്നും ഹറംകാര്യ വകുപ്പ് തീര്‍ഥാടകരോട് ആവശ്യപ്പെട്ടു. വസ്ത്രങ്ങള്‍ കഴുകി ഹറമുകളുടെ മുറ്റങ്ങളില്‍ ഉണക്കാനിടുന്നത് ഹറമുകളുടെ പവിത്രതക്ക് നിരക്കുന്നതല്ലെന്നും ഹറംകാര്യ വകുപ്പ് പറഞ്ഞു.