ലോസാഞ്ചലസ്: യുഎസില്‍ അവധി ആഘോഷിക്കാനെത്തിയ തുര്‍ക്ക്‌മെനിസ്ഥാനിലെ പാക്കിസ്ഥാന്‍ സ്ഥാനപതിയെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കാതെ യുഎസ് അധികൃതര്‍ തിരിച്ചയച്ചു. വിസയും നിയമപരമായ എല്ലാ രേഖകളുമുണ്ടായിട്ടും ഉന്നത പാക് നയതന്ത്രജ്ഞനെ നാടുകടത്തിയത് അപൂര്‍വ സംഭവമാണ്. അംബാസഡര്‍ കെ കെ അഹ്‌സന്‍ വഗനെയാണ് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞതെന്ന് ദ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. വിവാദ വിസ റഫറന്‍സ് യുഎസ് ഇമിഗ്രേഷന്‍ സിസ്റ്റം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അംബാസഡറെ നാടുകടത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു. അതേസമയം എന്ത് ആശങ്കയെ തുടര്‍ന്നാണ് ഈ നടപടിയെന്ന് വ്യക്തമല്ല.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ലോസാഞ്ചലസിലെ പാക് കോണ്‍സുലേറ്റിന് പാക് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക് വിദേശകാര്യ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അഹ്‌സന്‍ നേരത്തെ ലോസാഞ്ചലസില്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ആയും സേവനം ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാന്‍ പൗരന്മാര്‍ യുഎസിലേക്ക് പ്രവേശിക്കുന്നത് വിലക്കുന്ന പുതിയ യാത്രാ നിരോധനം പാക്കിസ്ഥാനെതിരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പറഞ്ഞതായി കഴിഞ്ഞയാഴ്ച റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു.