കുവൈത്ത് സിറ്റി: കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളവും മറ്റു സൗകര്യങ്ങളും സംബന്ധിച്ച് കുവൈത്തില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ബോധവല്‍ക്കരണ പ്രചരണത്തിന് തുടക്കമിട്ടു. സര്‍ക്കാര്‍ കരാറുകള്‍ക്കു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും കമ്പനികള്‍ നിര്‍ബന്ധമായും താമസ സൗകര്യം ഒരുക്കണം. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പായി ശമ്പളം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കണമെന്നും വീഴ്ച വരുത്തുന്ന കമ്പനികള്‍ തൊഴില്‍ നിയമപ്രകാരം നടപടികള്‍ നേരിടേണ്ടി വരുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ മുന്നറിയിപ്പു നല്‍കുന്നു.
തൊഴിലിടങ്ങളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. താമസകേന്ദ്രങ്ങളില്‍ 200ലേറെ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവിടെ നിര്‍ബന്ധമായും ഒരു പ്രഥമശുശ്രൂഷ സഹായ മുറിയും യോഗ്യതയുള്ള നഴ്‌സും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. തൊഴിലാളികള്‍ക്കു വേണ്ടി ഒരുക്കിയ താമസ സ്ഥലങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അതോറിറ്റി കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഈ താമസസ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്നും അനുയേജ്യമായ രീതിയില്‍ സൂക്ഷിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു.
തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ താമസക്കാരുടെ എണ്ണത്തിന് ആനുപാതികമായി മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. കമ്പനികള്‍ ഈ താമസസ്ഥലങ്ങള്‍ ഇടയ്ക്കിടെ പരിശോധിച്ച് ഇവിടങ്ങളില്‍ ജീവിത സാഹചര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ് ഉറപ്പു വരുത്തണമെന്നും അതോറിറ്റി നിര്‍ദേശിക്കുന്നു.