അബുദാബി: വരാനിരിക്കുന്ന മാനവ സമൂഹം മനുഷ്യരാശിയിൽ ഇതുവരെ ജീവിച്ചു പോയതിനെക്കാളും, ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നതിനെക്കാളും കൂടുതൽ മെച്ചപ്പെട്ടതും ഗുണപരമായതുമായ മാറ്റങ്ങളോട് കൂടിയതായിരിക്കുമെന്ന് പ്രമുഖ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രഫ. എം.എം.നാരായണൻ അഭിപ്രായപ്പെട്ടു. പൊന്നാനി എം.ഇ.എസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയായ മെസ്‌പൊ അബുദാബി, ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പൊന്നാനി എം.ഇ.എസ് കോളേജിലെ മലയാള വകുപ്പ് മുൻ മേധാവിയായ പ്രഫ. എം.എം.നാരായണൻ.
ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ വംശം അവരുടെ മുൻ തലമുറകളെക്കാൾ ജീവിത നിലവാരത്തിലും പെരുമാറ്റത്തിലും വിചാരത്തിലും പ്രവർത്തിയിലുമെല്ലാം വളരെയധികം മുന്നേറ്റം നടത്തിയതാണ് എന്ന് തൻ്റെ തലമുറയുടെ തന്നെ ജീവിതാനുഭവങ്ങളെ വിശകലനം ചെയ്ത് അദ്ദേഹം വിശദീകരിച്ചു.
ഭാവിയിലെ മനുഷ്യ വംശം ചരിത്രപരമായും, സാമൂഹ്യ ശാസ്ത്രപരമായും, ജൈവപരമായും, സാംസ്കാരികമായും കൂടുതൽ ഗുണപരമായി പരിണമിച്ചതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ലോകത്തെ നവ തലമുറയെ അതിന്റെ സകല മാറ്റങ്ങളോടും കൂടി വലിയ പ്രതീക്ഷയോടും, ആഹ്ളാദത്തോടുമാണ് താൻ വരവേൽക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസ്പൊ അബുദാബി പ്രസിഡന്റ് അഷ്‌റഫ് പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശക്കീബ് പൊന്നാനി സ്വാഗതവും ട്രഷറർ റാഫി പാടൂർ നന്ദിയും പറഞ്ഞു.