റാമല്ല – ഗാസയില്‍ ചെയ്ത എല്ലാ കാര്യങ്ങളും ഉത്തര വെസ്റ്റ് ബാങ്കിലും ആവര്‍ത്തിക്കുമെന്നും സൈനിക ഓപ്പറേഷന്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും മുതിര്‍ന്ന ഇസ്രായിലി നേതാവ് പറഞ്ഞു. ഉത്തര വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായില്‍ സൈന്യം വ്യാപകമായ സൈനിക നടപടികള്‍ക്ക് തുടക്കമിട്ടതിന് പിന്നാലെയാണ് പ്രസ്താവന. വെസ്റ്റ് ബാങ്കിനെ രണ്ടാമത്തെ ഗാസയാക്കി മാറ്റാനാണ് ഇസ്രായിൽ ശ്രമിക്കുന്നതെന്നും ഫതഹ് വക്താവ് ഇയാദ് അബുസനൈത്ത് പറഞ്ഞു. ജെനിന്‍ നഗരത്തിന്റെയും അഭയാര്‍ഥി ക്യാമ്പിന്റെയും വലിയ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടാണ് ജെനിനില്‍ ഇസ്രായില്‍ സൈന്യം വ്യാപകമായ സൈനിക നടപടി ആരംഭിച്ചത്. ആക്രമണങ്ങളില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്തിയതില്‍ പങ്കുള്ള ജൂതകുടിയേറ്റര്‍ക്കെതിരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റയുടന്‍ പിന്‍വലിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് ഇസ്രായില്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ ശക്തമായ സൈനിക നടപടിക്ക് തുടക്കമിട്ടത്.
ജൂതകുടിയേറ്റക്കാരും ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചു.
ഭീകരത ഇല്ലാതാക്കാനും വെസ്റ്റ് ബാങ്കിലെ സുരക്ഷ വര്‍ധിപ്പിക്കാനുമാണ് ഈ ഓപ്പറേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ഇസ്രായില്‍ സൈന്യവും ജനറല്‍ സെക്യൂരിറ്റി സര്‍വീസും (ഷബാക്ക്) ചൊവ്വാഴ്ച ജെനിനില്‍ വലിയ തോതിലുള്ളതും പ്രധാനപ്പെട്ടതുമായ സൈനിക നടപടി ആരംഭിച്ചു, വെസ്റ്റ് ബാങ്കിലെ സുരക്ഷ ശക്തിപ്പെടുത്തുക എന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കാനുള്ള മറ്റൊരു ചുവടുവെപ്പാണിത് – പ്രധാനമന്ത്രി പറഞ്ഞു. ഇറാനിയന്‍ ആയുധങ്ങള്‍ അയക്കുന്ന ഗാസ, ലെബനോന്‍, സിറിയ, യെമന്‍, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെല്ലാം ഇസ്രായില്‍ സൈന്യം ആസൂത്രിതമായും നിര്‍ണായകമായും ഇറാനെതിരെ നീങ്ങുന്നതായും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ബാങ്കിലെ ഇസ്രായിലി സംഘര്‍ഷം ഒരു കാലത്തും അവസാനിച്ചിട്ടില്ലെന്നും ഇസ്രായേല്‍ ഒരു പുതിയ യാഥാര്‍ഥ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധം പുതിയ യു.എസ് ഭരണകൂടം പിന്‍വലിച്ചത് കൂടുതല്‍ നിയമ ലംഘനങ്ങള്‍ നടത്താന്‍ അവര്‍ക്കുള്ള പച്ചക്കൊടിയാണെന്നും ഫലസ്തീന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ മഹ്മൂദ് അല്‍ഹബ്ബാഷ് പറഞ്ഞു. ജെനിന്‍ ഓപ്പറേഷനോടുള്ള പ്രതികരണമായി ഇസ്രായില്‍ സേനയുമായി ശക്തമായ ഏറ്റുമുട്ടല്‍ നടത്താന്‍ ഹമാസ് ആഹ്വാനം ചെയ്തു.
നിലവിലെ ഇസ്രായിലി സൈനിക നടപടിക്ക് മുമ്പ്, ജെനിന്‍ നഗരത്തിന്റെ നിയന്ത്രണം പുനഃസ്ഥാപിക്കാനായി ഫലസ്തീന്‍ സുരക്ഷാ സേന ആഴ്ചകള്‍ നീണ്ട ഓപ്പറേഷന്‍ നടത്തിയിരുന്നു. ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഫലസ്തീന്‍ അതോറിറ്റിയും ജെനിന്‍ ബറ്റാലിയനും തമ്മിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ കരാറിലെത്തിയതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫലസ്തീന്‍ അതോറിറ്റി പ്രഖ്യാപിച്ചു. തുടര്‍ന്ന് ക്യാമ്പില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ നീക്കം ചെയ്യാന്‍ സുരക്ഷാ സേനയെയും എന്‍ജിനീയറിംഗ് ടീമുകളെയും വിന്യസിക്കുകയും ചെയ്തു. ഇസ്രായിലി ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്ന ഫലസ്തീന്‍ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ഉത്തര വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങളില്‍ സൈനിക നടപടികള്‍ നടത്തുന്നതെന്ന് ഇസ്രായിലി സൈന്യം പറയുന്നു.
ഇസ്രായിലി അധിവാസ കേന്ദ്രങ്ങളുടെയും കുടിയേറ്റക്കാരുടെയും സംരക്ഷണത്തിനായി തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരായ ശക്തവും തുടര്‍ച്ചയായതുമായ സൈനിക നടപടിയുടെ തുടക്കമാണ് ഈ ഓപ്പറേഷന്‍ എന്ന് കടുത്ത കുടിയേറ്റ അനുകൂലിയായ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞു. ഫലസ്തീനികള്‍ക്കെതിരായ അക്രമം ആരോപിക്കപ്പെടുന്ന കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധങ്ങള്‍ നീക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ നേരത്തെ സ്‌മോട്രിച്ച് സ്വാഗതം ചെയ്തിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മിക്ക രാജ്യങ്ങളും കരുതുന്ന കുടിയേറ്റ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ പുതിയ യു.എസ് ഭരണകൂടവുമായി സഹകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞു.