തെല്‍അവീവ് – പതിനൊന്നു വര്‍ഷം മുമ്പ് ഗാസയില്‍ ബന്ദിയാക്കപ്പെട്ട ഇസ്രായിലി സൈനികന്‍ ഒറോണ്‍ ഷാഉലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പ്രത്യേക ഓപ്പറേഷനിലൂടെ വീണ്ടെടുത്തതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. 2014 ജൂലൈ 20 ന് ഉത്തര ഗാസയിലെ അല്‍ശുജാഇയ ഡിസ്ട്രിക്ടില്‍ യുദ്ധത്തിനിടെ കാണാതായ സൈനികന്‍ ഒറോണ്‍ ഷാഉലിന്റെ മൃതദേഹം ഒരു പ്രത്യേക രഹസ്യ സൈനിക ഓപ്പറേഷനിലൂടെ കണ്ടെടുത്തതായി ഇസ്രായിലി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഒറോണ്‍ ഷാഉലിന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുവന്നതിനെ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വാഗതം ചെയ്തു. ഒറോണ്‍ ഷാഉലിന്റെ കുടുംബത്തെയും ഇസ്രായില്‍ പ്രതിരോധ സേനയെയും ഞാന്‍ ആലിംഗനം ചെയ്യുന്നു. ഷിന്‍ ബെറ്റിനെയും പ്രതിരോധ സേനയെയും അവരുടെ ധൈര്യത്തിന് അഭിനന്ദിക്കുന്നു – നെതന്യാഹു പറഞ്ഞു.
ഒറോണ്‍ ഷാഉലിന്റെയും മറ്റൊരു സൈനികനായ ഹദര്‍ ഗോള്‍ഡിന്റെയും ഫോട്ടോകള്‍ വര്‍ഷങ്ങളായി എന്റെ ഓഫീസിലുണ്ട്. ഇരുവരെയും മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള എന്റെ ഉത്തരവാദിത്തത്തെ കുറിച്ച് എന്നെ ഓര്‍മിപ്പിക്കാനാണ് രണ്ടു പേരുടെയും ഫോട്ടോകള്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. ഒറോണിനെ തിരികെ കൊണ്ടുവരിക എന്ന ദൗത്യം ഇസ്രായില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കി. ഹദര്‍ ഗോള്‍ഡിന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുവരുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കുകയോ നിശബ്ദത പാലിക്കുകയോ ചെയ്യില്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും -ഇസ്രായില്‍ പ്രധാനമന്ത്രി പറഞ്ഞു.
ബന്ദിമോചനം തുടങ്ങി
അതിനിടെ, ഇന്ന് വിട്ടയക്കാന്‍ നിശ്ചയിച്ച ബന്ദികളുടെ പട്ടിക ഇസ്രായിലിന് ലഭിച്ചതായും സുരക്ഷാ വകുപ്പുകള്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഇസ്രായിലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇന്ന് വിട്ടയക്കാന്‍ പോകുന്ന ബന്ദികളുടെ കുടുംബങ്ങളെ ഇക്കാര്യം ഞങ്ങള്‍ അറിയിക്കാന്‍ തുടങ്ങി.
മൂന്ന് ബന്ദികളെ ഗ്രീന്‍വിച്ച് സമയം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം ഹമാസ് വിട്ടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു. ഗാസ വെടിനിര്‍ത്തല്‍ പ്രാദേശിക സമയം രാവിലെ 11:15 ന് (ഗ്രീന്‍വിച്ച് സമയം 9.15) പ്രാബല്യത്തില്‍ വരുമെന്നും അവശേഷിക്കുന്ന, ജീവിച്ചിരിക്കുന്ന നാലു വനിതാ ബന്ദികളെ കൂടി ഏഴു ദിവസത്തിനുള്ളില്‍ വിട്ടയക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള പ്രതിബദ്ധത ഹമാസ് സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതോടെ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ സ്ഥിരീകരിക്കുന്നു, ഇത് നമ്മുടെ ജനങ്ങളുടെ അചഞ്ചലതയുടെയും ക്ഷമയുടെയും ഫലമാണ് – ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

ഗ്രീന്‍വിച്ച് സമയം രാവിലെ 6.30 ന് പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നത് സ്തംഭിച്ചതിനാല്‍ ഗാസ മുനമ്പിലെ ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇസ്രായിലി ബോംബാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വിട്ടയക്കപ്പെടുന്ന ബന്ദികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക കൈമാറാനുള്ള ബാധ്യത ഹമാസ് നിറവേറ്റുന്നില്ലെന്ന് ഇസ്രായില്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി നേരത്തെ ആരോപിച്ചിരുന്നു. ഹമാസ് അങ്ങിനെ ചെയ്യാത്തിടത്തോളം വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരില്ലെന്നും സൈനിക വക്താവ് പറഞ്ഞു. ആവശ്യങ്ങളുമായി ഹമാസ് പ്രതികരിക്കാത്തിടത്തോളം കാലം ഇസ്രായില്‍ ആക്രമണം തുടരും. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ ഇസ്രായില്‍ സൈന്യം പൂര്‍ണമായും തയാറാണ്.
ഹമാസ് നിബന്ധനകള്‍ ലംഘിച്ചാല്‍ തിരിച്ചടിക്കാനും സൈന്യം തയാറാണെന്ന് ഡാനിയേല്‍ ഹഗാരി പറഞ്ഞു. വിട്ടയക്കപ്പെടുന്ന ബന്ദികളുടെ പേരുകളുടെ പട്ടിക ഹമാസ് നല്‍കിയില്ലെങ്കില്‍ നിശ്ചയിച്ച സമയത്ത് വെടിനിര്‍ത്തല്‍ ആരംഭിക്കില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ജറൂസലം സമയം രാവിലെ 8.30 ന് പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന വെടിനിര്‍ത്തല്‍, ഇസ്രായിലിന് ബന്ദികളുടെ പട്ടിക ലഭിക്കുന്നതുവരെ ആരംഭിക്കരുതെന്ന് പ്രധാനമന്ത്രി ഇസ്രായില്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ആറ് ആഴ്ച നീളുന്ന ആദ്യ ഘട്ടത്തില്‍ ഗാസയില്‍ തടവിലാക്കപ്പെട്ട 33 ബന്ദികളെ ഹമാസ് വിട്ടയക്കും. പകരമായി ഇസ്രായേല്‍ 737 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്ന് ഇസ്രായില്‍ നീതിന്യായ മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു. വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 1,890 ലധികം ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ വിട്ടയക്കുമെന്ന് ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത് ശനിയാഴ്ച പ്രഖ്യാപിച്ചു.