ഗാസ- ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നു മണിക്കൂറിന് ശേഷം പ്രാബല്യത്തിൽവന്നു. ഇന്ന് മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിശദാംശങ്ങൾ ഹമാസ് പുറത്തുവിട്ടതിനെ തുടർന്നാണ് വെടിനിർത്തൽ പ്രാബല്യത്തിലായത്. ഇതോടെ പതിനഞ്ചുമാസമായി ഗാസയിൽ തുടരുന്ന വെടിയൊച്ചക്ക് താൽക്കാലിക ശമനമായി. ഇസ്രായിൽ സൈന്യം ഗാസയിൽനിന്ന് പിൻവാങ്ങിത്തുടങ്ങിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ അരമണിക്കൂറിനുള്ളിൽ പുതിയ പോരാട്ടമോ ആക്രമണമോ കേട്ടിട്ടിട്ടില്ലെന്ന് ഗാസയിലെ താമസക്കാരും മെഡിക്കൽ പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.
വെടിനിർത്തൽ ആരംഭിക്കേണ്ടിയിരുന്ന രാവിലെ ആറരക്ക് ശേഷം ഇസ്രായിൽ ആക്രമണത്തിൽ 13 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഡോക്ടർമാർ പറഞ്ഞു.
കരാർ പ്രകാരം മോചിപ്പിക്കേണ്ട ആദ്യത്തെ മൂന്ന് ബന്ദികളുടെ പട്ടിക നൽകുന്നതിൽ ഹമാസ് പരാജയപ്പെട്ടുവെന്ന് ഇസ്രായിൽ കുറ്റപ്പെടുത്തി. അതേസമയം, “സാങ്കേതിക” കാരണങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ഹമാസ് പറഞ്ഞു.
വെടിനിർത്തൽ നടപ്പിലാക്കുന്നതിന് മുമ്പ് മധ്യസ്ഥർ 48 മണിക്കൂർ “ശാന്തത” ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷം വരെ ഇസ്രായേൽ ആക്രമണം തുടർന്നതാണ് കാലതാമസത്തിന് കാരണമായതെന്നാണ് ഹമാസ് അറിയിച്ചു. സമയപരിധി കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം, ബന്ദികളുടെ പട്ടിക അയച്ചതായും ഇത് സ്വീകരിച്ചതായും ഇസ്രായേൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. റോമി ഗോണൻ, ഡോറോൺ സ്റ്റീൻബ്രെച്ചർ, എമിലി ഡമാരി എന്നിവരെയാണ് ഇന്ന് വിട്ടയക്കുക.
2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ച് ഏകദേശം 1,200 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഗാസയിൽ ഇസ്രായിൽ ആക്രമണം ആരംഭിച്ചത്. ഇസ്രായിലിന്റെ പ്രത്യാക്രമണത്തിൽ ഇതോടകം 47,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ മാസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം മൂന്ന് ഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നു, ജനുവരി 20 ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പാണ് കരാർ പ്രാബല്യത്തിൽ വന്നത്.
ആദ്യ ഘട്ടം ആറ് ആഴ്ച നീണ്ടുനിൽക്കും, ഈ കാലയളവിൽ ശേഷിക്കുന്ന 98 ബന്ദികളിൽ 33 പേരെയാണ് വിട്ടയക്കുന്നത്. സ്ത്രീകൾ, കുട്ടികൾ, 50 വയസ്സിനു മുകളിലുള്ള പുരുഷന്മാർ, രോഗികൾ, പരിക്കേറ്റവർ എന്നിങ്ങനെ രണ്ടായിരം ഫലസ്തീൻ തടവുകാരെ ഇസ്രായിൽ മോചിപ്പിക്കും. ഇവരിൽ 737 പുരുഷ, സ്ത്രീ, കൗമാര തടവുകാരും ഉൾപ്പെടുന്നു.
ഇന്ന് റെഡ് ക്രോസ് വഴി മോചിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് സ്ത്രീ ബന്ദികളെയാണ്. ഓരോരുത്തർക്കും പകരമായി, ഇസ്രായിൽ ജയിലുകളിൽ കഴിയുന്ന 30 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും. കരാറിലെ വ്യവസ്ഥകൾ പ്രകാരം, ഗാസയ്ക്കുള്ളിൽ മീറ്റിംഗ് പോയിന്റ് എവിടെയാണെന്ന് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി)യെ ഹമാസ് അറിയിക്കും. ബന്ദികളെ സ്വീകരിക്കാൻ ഐസിആർസി ആ സ്ഥലത്തേക്ക് പോകും.