തിരുവനന്തപുരം- പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ കാമുകി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. അതേസമയം, ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ഇവർക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും കോടതി വിധിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മൽ കുമാറിനെയും കുറ്റക്കാരനായി കണ്ടെത്തി. ഗ്രീഷ്മക്ക് വിഷം വാങ്ങിക്കൊടുത്തത് അമ്മാവനായിരുന്നു. അമ്മയും കുറ്റക്കാരിയാണെന്നും അവരെയും ശിക്ഷിക്കണമെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.
2022 ഒക്ടോബർ 14 നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹാലോചന വന്നതിനെ തുടർന്ന് ഷാരോണെ ഒഴിവാക്കാൻ ഗ്രീഷ്മയും കുടുംബവും പദ്ധതി തയ്യാറാക്കി. ഇതിനു ഭാഗമായി ഷാരോണെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വിഷം കലർത്തിയ കഷായം നൽകുകയുമായിരുന്നു എന്നായിരുന്നു കേസ്.
ഗ്രീഷ്മ നൽകിയ കഷായം കുടിച്ച് തിരികെ വീട്ടിൽ എത്തിയ ഷാരോൺ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരിച്ചത്. മരണമൊഴിയിലാണ് ഗ്രീഷ്മ നൽകിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിനോട് പറയുന്നത്. എന്നാൽ ഗ്രീഷ്മ ഒരിക്കലും തന്നെ അപായപ്പെടുത്താൻ ശ്രമിക്കില്ലെന്നും ഷാരോൺ കൂട്ടി ചേർത്തു.