കൊച്ചി: സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും ഇന്നലെ കളമശ്ശേരിയില്‍ തുടക്കമായി. സി. ഐ. സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസമായി നടക്കുന്ന കലോത്സവ സനദ് ദാന സമ്മേളനത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ 403 വഫിയ്യ പണ്ഡിതകള്‍ക്ക് വഫിയ്യ സനദ് നല്കി.
വഫിയ്യ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് പാണക്കാട് സയ്യിദത്ത് സുല്‍ഫത്ത് ബീവി, സജ്ന ബീവി, ശബാന ബീവി, ഹനിയ്യ ബീവി, മുല്ലാ ബീവി പരപ്പനങ്ങാടി എന്നിവര്‍ സനദ് ദാനം നടത്തി.വിവിധ വിഷയങ്ങളില്‍ പരിശീലനം നേടിയ വാഫി അലുംനിയുടെ പരിശീലന വിഭാഗമായ എസ്. ഇ.എമ്മിന്റെ 54 വഫിയ്യ ട്രൈനര്‍മാരെ നാടിന് സമര്‍പ്പിക്കുന്ന ചടങ്ങും അരങ്ങേറി.രാവിലെ എട്ട് മണിയോടെ ആരംഭിച്ച പരിപാടിയില്‍ ബെസ്റ്റ് ഇന്‍ ഫെസ്റ്റ്, പാനല്‍ ഡിസ്കഷന്, ക്യൂ ഫോര്‍ ടുമോറോ, വനിതാ സമ്മേളനം, വഫിയ്യ ബിരുദ ദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകള്‍ ശ്രദ്ധേയമായി.
തുടര്‍ന്ന് നടന്ന ക്യൂ ഫോര്‍ ടുമോറോയില്‍ സി.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി വഫിയ്യ വിദ്യാര്‍ഥിനികള്‍ക്ക് സന്ദേശം കൈമാറി. മതം, ധാര്‍മികത എന്ന വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ട പാനല്‍ ഡിസ്കഷനില്‍ മാജിദ ഷെറിന്, നൂര്‍ ജഹാന്, ഫാത്തിമ റിഫ കെ.വി. എന്നിവര്‍ വിഷയാവതരണം നടത്തി. റിഫാ വഫിയ്യ തളിപ്പറമ്പ് ആമുഖ ഭാഷണവും അശ്മില വഫിയ്യ മോഡറേഷനും നടത്തി.
ഉച്ചയ്ക്കുശേഷം നടന്ന വനിതാ സമ്മേളനം മുന്‍ ഗവണ്മെന്റ് പ്ലീഡറും കേരള ഹൈകോടതി അഡ്വക്കേറ്റുമായ അഡ്വ. ജാസ്മിന് വി.എച്ച് ഉദ്ഘാടനം ചെയ്തു. ഡല്‍ഹി എന്‍.സി.ഇ.ആര്.ടി പ്രൊഫസര്‍ ഡോ.സിന്ധ്യ, ക്ലിനിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്മെന്റ് മാനേജറായ നീതു കൃഷ്ണ, മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ , ഡോ. പി.എച്ച് ആയിഷ ബാഹു എന്നിവര്‍ അതിഥി ഭാഷണം നടത്തി. റഹ്മാ വഫിയ്യ താമരശ്ശേരി, സുമയ്യ വഫിയ്യ കുരുവമ്പലം, നസീഫ വഫിയ്യ താനൂര്‍, അഡ്വ. റുമൈസ റഫീഖ് എന്നിവര്‍ സംസാരിച്ചു.
സി.ഐ.സി വൈസ് പ്രസിഡണ്ട് പി.എസ്.എച്ച് തങ്ങള്‍ പരപ്പനങ്ങാടിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം സി.ഐ.സി അര്‍ഹാം സമിതി ചെയര്മാന് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു.
സി.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി സനദ് ദാന പ്രഭാഷണവും അഹ്മദ് വാഫി കക്കാട് പ്രമേയ പ്രഭാഷണവും നിര്‍വഹിച്ചു. സുഹൈല ബറക്കത്ത് വഫിയ്യ, ഫാത്തിമ വഫിയ്യ എട്ടികുളം, അഡ്വ. നജ്മ തബ്ഷീറ, ഡോ. തസ്നീം എ, അഡ്വ. സുനൈന അബ്ദുല്‍ കാദര്‍ എന്നിവര്‍ പ്രഭാഷണം നിര്‍വഹിച്ചു. വഫിയ്യ കോഡിനേറ്റര്‍ ഷാമില വഫിയ്യ സ്വാഗതവും ഫെസ്റ്റ് കണ്‍വീനര്‍ ശബന വഫിയ്യ നന്ദിയും പറഞ്ഞു.
പരിപാടിയുടെ രണ്ടാം ദിനമായ ഇന്ന് ആണ്‍കുട്ടികളുടെ പരിപാടികള്‍ നടക്കും. കമ്മ്യൂണിക്കേറ്റീവ്, ക്രിയേറ്റീവ്, മാനേജ്മെന്റ്, സൈക്കോളജിക്കല്‍ സ്കില്ലുകള്‍ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച സോണല്‍ കലോത്സവങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാ പ്രദര്‍ശനങ്ങള്‍ എട്ട് മണി മുതല്‍ അരങ്ങേറും. ശേഷം നടക്കുന്ന ഫിഖ്ഹ് സെമിനാറില്‍ ‘ഇന്‍ഷുറന്‍സ്: ഇസ്ലാമിക വീക്ഷണം’ എന്ന വിഷയത്തില്‍ ഡോ. ലുഖ്മാന് വാഫി ഫൈസി അല്‍ അസ്ഹരി, ഇ.കെ റഷീദ് വാഫി എന്നിവര്‍ അവതരണം നടത്തും.
അബ്ദുസ്സലാം ഫൈസി എടപ്പാള്‍ മോഡറേഷന് നടത്തുന്ന സെമിനാറില്‍ ഡോ. സ്വലാഹുദ്ദീന്‍ വാഫി ആമുഖ ഭാഷണം നടത്തും. സി.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി സനദ് ദാന പ്രഭാഷണവും അഹ്മദ് വാഫി കക്കാട് പ്രമേയ പ്രഭാഷണവും നടത്തും. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി എന്നിരുടെ നേതൃസന്ദേശവും കെ.എം ഷാജിയുടെ പ്രഭാഷണവുമുണ്ടാവും.