മുംബൈ: കേരളം മിനി പാകിസ്താൻ ആയതിനാലാണ് രാഹുലും പ്രിയങ്കയും വിജയിച്ചതെന്ന് വിദ്വേഷ പ്രസംഗങ്ങളാൽ കുപ്രസിദ്ധി നേടിയ മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതീഷ് റാണെ.
എല്ലാ ഭീകരവാദികളും രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തു. അതിനാലാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും പൂനെയിലെ പുരന്ദർ താലൂക്കിലെ ഒരു പൊതുയോഗത്തിൽ നിതേഷ് റാണെ ആരോപിച്ചു.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെയുടെ മകനാണ് തുറമുഖ വകുപ്പ് മന്ത്രിയായ നിതേഷ് റാണെ. റാണെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പോലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയാണ് കേരളത്തെയും കോൺഗ്രസ് നേതാക്കളെയും അടച്ചാക്ഷേപിച്ച് മന്ത്രി പ്രസംഗിച്ചത്.
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയം തീവ്രവാദ ചേരിയുടെ വിജയമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ഈയിടെ ആരോപിച്ചിരുന്നു. സംഭവം വിവാദമായപ്പോൾ വിജയരാഘവനെ പിന്തുണച്ച് സി.പി.എം സംസ്ഥാന നേതാക്കൾ രംഗത്തെത്തിയിരുന്നു. സമാന പ്രതികരണമാണിപ്പോൾ സംഘപരിവാർ നേതാക്കളും ആവർത്തിക്കുന്നത്.