കോഴിക്കോട്: കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ലോഡ്ജിൽ എത്തിയത്.
24-ാം തിയ്യതി രാത്രി 11-ഓടെയാണ് തൃശൂർ സ്വദേശി അബ്ദുൽ സനൂഫിനൊപ്പം ഫസീല എരഞ്ഞിപ്പാലത്തുള്ള ലോഡ്ജിൽ മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ടുവരാമെന്ന് പറഞ്ഞ് യുവാവ് ഇന്നലെ രാത്രി പുറത്ത് പോയെങ്കിലും പിന്നീട് തിരിച്ചുവന്നില്ല. റൂം ഒഴിയേണ്ട സമയമായിട്ടും പ്രതികരണമൊന്നും ഇല്ലാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ, ഇന്ന് ഉച്ചയോടെയാണ് യുവതിയെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
യുവതിയുടെ ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവ പോലീസ് കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിൽ പുറത്ത് പരുക്കുകളൊന്നും കണ്ടില്ലെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും നടക്കാവ് പോലീസ് പറഞ്ഞു. നാളെ പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.