ന്യൂദല്‍ഹി: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ ഇഡി നല്കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി.
ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വാക്കാലുള്ള അഭിപ്രായങ്ങളല്ല, ശക്തമായ തെളിവുകളാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. 2014 ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാനായി കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് വിജിലന്‍സ് കേസ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, തനിക്കെതിരെ തെളിവില്ലെന്നും ഷാജി വാദിച്ചു.
കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും ഷാജിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും വാദിച്ച സർക്കാർ, വിജിലന്‍സ് അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പാണ് ഹൈക്കോടതിയുടെ ഇടപെടലെന്നും പറഞ്ഞു. ജൂൺ 19നാണ് കെ എം ഷാജിക്കെതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്.