തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 16 പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്താണ് വിജ്ഞാപനം ഇറങ്ങിയത്. സമസ്ത ഇ.കെ വിഭാഗം പ്രതിനിധിയായി മുക്കം ഉമർ ഫൈസി ഇക്കുറിയും കമ്മിറ്റിയിലുണ്ട്. കഴിഞ്ഞ ഹജ് കമ്മിറ്റിയിലും മുക്കം ഉമർ ഫൈസി അംഗമായിരുന്നു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്തയുടെ ഹുസൈൻ സഖാഫി ചുള്ളിക്കോട് ആയിരിക്കും പുതിയ ചെയർമാൻ എന്നാണ് സൂചന. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ തന്നെ ചെയർമാനെ തെരഞ്ഞെടുക്കും.
പി.വി. അബ്ദുൽ വഹാബ് എം.പി, പി.ടി.എ. റഹീം എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പി.പി. മുഹമ്മദ് റാഫി (നീലേശ്വരം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ), പി.ടി. അക്ബർ (താനൂർ മുനിസിപ്പാലിറ്റി കൗൺസിലർ), അഷ്കർ കോരാട് (ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഡ്വ. മൊയ്തീൻകുട്ടി വളമംഗലം, ഒ.വി. ജഅ്ഫർ വടക്കുമ്പാട്, ഷംസുദ്ദീൻ അരിഞ്ഞിറ, നൂർ മുഹമ്മദ് നൂർഷാ, എം.എസ്. അനസ്, കരമന ബയാർ, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ, മലപ്പുറം കലക്ടർ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.