തെഹ്‌റാൻ– ഇറാനിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്. ഇസ്രായേലിനെ പൂർണ്ണമായി ചുട്ടെരിക്കുമെന്നും അവിടത്തെ ജനങ്ങളെ ഈജിപ്തിലെ സിനായ് ഉപദ്വീപിലേക്ക് നാടുകടത്തുമെന്നും ഗാർഡ് വക്താവ് ഭീഷണി മുഴക്കി.
2026 ഫെബ്രുവരി അവസാനം ആരംഭിച്ച യു.എസ്-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ അത് അധിനിവിഷ്ട പ്രദേശങ്ങളെ എന്നെന്നേക്കുമായി തകർക്കുമെന്നും വക്താവ് വ്യക്തമാക്കി.
മുന്നറിയിപ്പുമായി പാർലമെന്റ് സ്പീക്കർ ഇറാനിൽ സിവിലിയന്മാരെ കൊലപ്പെടുത്തുന്ന സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്ന എ.ഐ, ഡാറ്റ കമ്പനികൾക്ക് സാമ്പത്തിക സഹായമോ മറ്റ് വിഭവങ്ങളോ നൽകരുതെന്ന് മേഖലയിലെ സർക്കാരുകൾക്കും ബിസിനസുകൾക്കും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. ഇത്തരം കമ്പനികളെ സഹായിക്കുന്നവർ കർശന നിയമനടടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഇതിനായി ‘പേർഷ്യൻ ഗൾഫ് ഡാറ്റ അതോറിറ്റി’ നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ സൂപ്പർടാങ്കർ മൈനിൽ ഇടിച്ചു അതിനിടെ, ഇരുപത് ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്ത് ഹോർമുസ് കടലിടുക്കിലൂടെ അനധികൃതമായി സഞ്ചരിച്ച മറ്റൊരു സൂപ്പർടാങ്കർ മൈനിൽ ഇടിച്ചതായി റെവല്യൂഷണറി ഗാർഡ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെ തുടർന്ന് ടാങ്കറിന്റെ എൻജിൻ മുറിയിൽ തീപിടുത്തമുണ്ടായി. ഫെബ്രുവരി അവസാനം മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ട്രാൻസിറ്റ് നിയമങ്ങൾ അവഗണിച്ച് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ഇറാൻ കർശനമായി തടഞ്ഞുവരുന്നുണ്ട്.







