ജിദ്ദ – മക്ക പ്രവിശ്യയില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതോടെ പ്രവിശ്യയില്‍ റെഡ് ക്രസന്റ് സജ്ജീകരണങ്ങൾ ശക്തമാക്കി. ഉയര്‍ത്തി. മഴക്കെടുതികള്‍ മൂലം സഹായം തേടി ലഭിക്കുന്ന പരാതികളും കേസുകളും കൈകാര്യം ചെയ്യാന്‍ റെഡ് ക്രസന്റിനു കീഴിലെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമും ആംബുലന്‍സ് സെന്ററുകളും റെസ്‌പോണ്‍സ് ടീമുകളും സന്നദ്ധ ആംബുലന്‍സ് ടീമുകളും പൂര്‍ണമായും സജ്ജമാണെന്ന് മക്ക പ്രവിശ്യ റെഡ് ക്രസന്റ് ശാഖാ മേധാവി ഡോ. മുസ്തഫ ബല്‍ജോന്‍ പറഞ്ഞു.
മക്ക പ്രവിശ്യയില്‍ 98 റെഡ് ക്രസന്റ് കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, എമര്‍ജന്‍സി മെഡിസിന്‍ ആംബുലന്‍സ് ടെക്‌നീഷ്യന്മാര്‍ എന്നിവടങ്ങുന്ന 1,420 സേവന ദാതാക്കള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണം വര്‍ധിപ്പിച്ചിട്ടുണ്ട്.
സുസജ്ജമായ ആംബുലന്‍സുകളും ദുരന്ത പ്രതിസന്ധി വാഹനങ്ങളും ഉള്‍പ്പെടെ മക്ക പ്രവിശ്യയില്‍ റെഡ് ക്രസന്റിനു കീഴില്‍ 149 വാഹനങ്ങളുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ രോഗികളെയും പരിക്കേറ്റവരെയും മറ്റും ആശുപത്രികളിലേക്ക് നീക്കാന്‍ അത്യാധുനിക മെഡിക്കല്‍ സാങ്കേതിക ഉപകരണങ്ങളോടെ സജ്ജീകരിച്ച എയര്‍ ആംബുലന്‍സുകള്‍ ഗ്രൗണ്ട് ആംബുലന്‍സ് സേവനങ്ങളെ പിന്തുണക്കുന്നു.
മഴ അടക്കമുള്ള കാലാവസ്ഥാ ചാഞ്ചാട്ടങ്ങള്‍ക്കിടെ ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ സൗദി പൗരന്മാരും വിദേശികളും പിന്തുടരുകയും ജാഗ്രത കാണിക്കുകയും ഗതാഗത സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുകയും എക്‌സ്പ്രസ്‌വേകളില്‍ കരുതലോടെ വാഹനമോടിക്കുകയും മലവെള്ളപ്പാച്ചിലുണ്ടാകുന്ന താഴ്‌വരകളും വെള്ളക്കെട്ടുകളും അടക്കം അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും വേണം. അപകട സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കരുത്. ഏറ്റവും ഭംഗിയായ നിലക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതിന് ആംബുലന്‍സ് സംഘങ്ങള്‍ക്ക് മുന്നില്‍ വഴിയൊരുക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ 997 എന്ന നമ്പറില്‍ ബന്ധപ്പെട്ടും ‘അസ്അഫ്‌നീ’ ആപ്പ് വഴിയും ഇരുപത്തിനാലു മണിക്കൂറും എല്ലാവര്‍ക്കും ആംബുലന്‍സ് സേവനം തേടാവുന്നതാണെന്നും റെഡ് ക്രസന്റ് പറഞ്ഞു.