മക്ക- സ്നേഹച്ചിറകിലേറി ഉംറ നിർവഹിക്കാനെത്തിയ എഴുത്തുകാരി മലപ്പുറം കൂട്ടിലങ്ങാടിയിലെ സലീന സുറുമി രചിച്ച പ്രവാസി എന്ന പുസ്തകം സൗദി കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ പ്രകാശനം ചെയ്തു. മക്ക കെ.എം.സി.സി വൈസ് ചെയർമാൻ ഇസ്സുദ്ധീൻ ആലുക്കലിന്റെ വില്ലയിൽ മക്ക കെ.എം.സി.സി സംഘടിപ്പിച്ച സ്നേഹ വിരുന്നിലാണ് ഭിന്ന ശേഷിക്കാരി കൂടിയായ സലീന സുറുമി രചിച്ച പ്രവാസിയുടെ ജീവിതങ്ങളിലൂടെ കടന്നു പോകുന്ന പുതിയ രചന “പ്രവാസം” പ്രകാശനം ചെയ്തത്.
ജീവിത പ്രയാസങ്ങളിൽ പെട്ട് വിഷമ ജീവിതം നയിക്കുമ്പോഴും പ്രവാസിയുടെ വിഷമങ്ങളെ മനോഹരമായ രീതിയിൽ കുറിച്ച് വെച്ച സലീന സുറുമിയുടെ രചന സാഹിത്യ ലോകത്തിനു കനപ്പെട്ട സംഭാവനയാണെന്ന് കുഞ്ഞുമോൻ കാക്കിയ പറഞ്ഞു. പ്രയാസങ്ങൾ അനുഭവിക്കുന്ന മുഴുവൻ ആളുകളുടെയും കൂടെ മക്ക കെ.എം.സി.സി എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. വളണ്ടിയർ മാരായി നാട്ടിൽനിന്ന് കൂടെയെത്തിയ ഷാജി വാറംകോടിനും സലീന സുറുമി,നിയാസ് പൊന്മള നൗഷാദ് അരിപ്ര, റൈഹാനത്ത് മങ്കട,നൂർജഹാൻ കരുവാരക്കുണ്ട് എന്നിവർക്ക് മക്ക കെഎംസിസി ഉപഹാരം നൽകി.
ഇസ്സുദ്ധീൻ ആലുക്കൽ, കുഞ്ഞാപ്പ പൂകോട്ടൂർ, ഹാരിസ് പെരുവള്ളൂർ, സിദ്ധിഖ് കൂട്ടിലങ്ങാടി, എം സി നാസർ , സമീർ ബദർ, അമീർ സമീം ദാരിമി എന്നിവർ പ്രസംഗിച്ചു. കെഎം കുട്ടി ഓമാനൂർ എഴുതിയ ഗാനം മുസ്തഫ മലയിൽ ആലപിച്ചു. സിദ്ധിഖ് കൂട്ടിലങ്ങാടി നന്ദി പറഞ്ഞു.