ജിദ്ദ – ഏഴു അമേരിക്കക്കാര്‍ അടക്കം ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ പേരെയും വിട്ടയക്കുന്നത് ഉള്‍പ്പെടെയുള്ള വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചേരാന്‍ ഇസ്രായിലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്ന് യു.എസ് വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിക്കൊപ്പം ദോഹയില്‍ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലിങ്കന്‍. ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചകളില്‍ എത്രത്തോളം ഗൗരവമായി ഹമാസ് പങ്കെടുക്കുമെന്ന കാര്യം കാത്തിരുന്ന് കാണാം. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാന്‍ അമേരിക്കന്‍, ഇസ്രായിലി സംഘങ്ങള്‍ ദോഹയിലെത്തുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.
ഇസ്രായിലി ചാരസംഘടനയായ മൊസാദിന്റെ മേധാവി സി.ഐ.എ മേധാവിയുമായും ഖത്തര്‍ പ്രധാനമന്ത്രിയുമായും ഞായറാഴ്ച ദോഹയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. 2023 ഒക്‌ടോബര്‍ ഏഴിന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ ഒരു വഴിത്തിരിവിലെത്താനുള്ള ശ്രമത്തില്‍ അമേരിക്കന്‍ സംഘം ദോഹയില്‍ വെച്ച് ഇസ്രായിലി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. ചര്‍ച്ചകള്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോയി, വലിയ വെല്ലുവിളികളുണ്ട്, വെടിനിര്‍ത്തല്‍ കരാറിലെത്താനും യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ നടത്താന്‍ ഇസ്രായിലില്‍ നിന്നുള്ള ചര്‍ച്ചാ സഘത്തിനു പുറമെ അമേരിക്കയില്‍ നിന്നുള്ള ചര്‍ച്ചാ സംഘവും ദോഹ സന്ദര്‍ശിക്കും.
ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ട ശേഷം ഖത്തര്‍ അധികൃതര്‍ ഹമാസ് നേതാക്കളുമായി ദോഹയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ദോഹയിലെ ഹമാസ് പൊളിറ്റിക്കല്‍ ഓഫീസുമായി ഖത്തര്‍ അധികൃതര്‍ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ നടപ്പാക്കാനും ബന്ദികളെ പരസ്പരം വിട്ടയക്കാനും ഹമാസിനും ഇസ്രായിലിനും അമേരിക്കക്കുമിടയില്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്താന്‍ ഖത്തറും ഈജിപ്തും ആഗ്രഹിക്കുന്നു. ഏതെങ്കിലും കക്ഷി ചര്‍ച്ചയില്‍ സജീവമായി ഇടപെടാത്ത പക്ഷം മധ്യസ്ഥരുടെ പങ്ക് പരിമിതമായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. സംഘര്‍ഷത്തിന്റെ വ്യാപനത്തെ കുറിച്ച് യുദ്ധത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് യുദ്ധം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി നാം കാണുന്നതായും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
യഹ്‌യ അല്‍സിന്‍വാറിന്റെ അഭാവത്തില്‍ മുന്നോട്ടുപോകാനും കരാറിലെത്താനും അവസരമുണ്ടെന്നും സംഘര്‍ഷം വ്യാപിപ്പിക്കണമെന്നാണ് സിന്‍വാര്‍ ആഗ്രഹിച്ചിരുന്നതെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിലും ബന്ദികളെ കൈമാറുന്നതിലും ഗാസ നിവാസികളുടെ ദുരിതം ലഘൂകരിക്കുന്നതിലും അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇപ്പോള്‍ പരിഹാരത്തിന് അവസരമുണ്ട്. കാരണം പരിഹാരത്തിനുള്ള തടസ്സം യഹ്‌യ അല്‍സിന്‍വാര്‍ ആയിരുന്നു. സിന്‍വാര്‍ ഇപ്പോള്‍ ഇല്ല. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ അമേരിക്ക തീവ്രമായി പ്രവര്‍ത്തിക്കുന്നു. മേഖലയുടെ സമാധാനത്തിനും സ്ഥിരതക്കും ഭീഷണിയാകുന്ന ഏതു ഇറാന്‍ ആക്രമണത്തെയും ഫലപ്രദമായി തടയാന്‍ അമേരിക്ക ഇസ്രായിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും ബ്ലിങ്കന്‍ പറഞ്ഞു.