കൊച്ചി: ഓട്ടത്തിനിടെ കാർ നിയന്ത്രണം വിട്ട് കിണറിലേക്ക് കൂപ്പുകുത്തി. കോലഞ്ചേരിക്ക് സമീപം പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപമാണ് അപകടം. കാർ 15 അടി താഴ്ചയുള്ള കിണറിലേക്കു പതിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന യുവ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
ആലുവ കൊമ്പാറ സ്വദേശികളായ കാർത്തിക് എം അനിൽ (27), ഭാര്യ വിസ്മയ (26) എന്നിവരാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച് അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം ഉടനെ സ്ഥലത്തെത്തി കോണിയും കയറും ഉപയോഗിച്ച് കിണറിൽനിന്നും ദമ്പതികളെ പുറത്തെത്തിച്ചത്. കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. ഇന്നലെ രാത്രി പത്തോടെയാണ് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്തുള്ള ഭീതിപ്പെടുത്തുന്ന അപകടമുണ്ടായത്.