നാമക്കൽ: ഗർഭച്ഛിദ്രത്തിന് ഗുളിക കഴിച്ച പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. മല്ലസമുദ്രം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. സംഭവത്തിൽ കാമുകൻ ബരുത്തുപ്പളളി സ്വദേശി അരവിന്ദൻ(23) അറസ്റ്റിലായി.
തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോടിനടുത്ത് എലച്ചിപാളയം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്കൂളിന് സമീപത്തെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായ അരവിന്ദുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇരുവരും ഒരുമിച്ച് പല സ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നു. ഇതിനിടെ ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയും ഗർഭിണിയാണെന്ന് മനസ്സിലാവുകയുമുണ്ടായി. തുടർന്ന് കാമുകൻ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
തുടർന്ന് മെഡിക്കൽ ഷോപ്പിൽനിന്ന് കാമുകൻ പെൺകുട്ടിക്ക് ഗുളിക വാങ്ങി നൽകുകയായിരുന്നു. ഇത് കഴിച്ചതോടെ വിദ്യാർത്ഥിനിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. വീട്ടിലെത്തിയതോടെ അമിത രക്തസ്രാവമുണ്ടായി. ആശങ്കയിലായ വീട്ടുകാർ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സേലം സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപോർട്ടിന് കാത്തിരിക്കുകയാണെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എലച്ചിപ്പാളയം പോലീസ് പറഞ്ഞു.