ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലത്തിൽ കോൺഗ്രസ് ഇന്ത്യാ സഖ്യത്തിന് അഭിമാനകരമായ മുന്നേറ്റം. ഹരിയാനയിൽ ആകെയുള്ള 90 സീറ്റിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്ന് 72 സീറ്റിലാണ് മൃഗീയമായ മുന്നേറ്റം തുടരുന്നത്.
ബി.ജെ.പിക്ക് എട്ടു സീറ്റിലെ ലീഡ് തുടരാനാകുന്നുള്ളൂ. പത്തുവർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് എല്ലാ എക്‌സിറ്റ് ഫലങ്ങളും ശരിവെച്ചാണ് ഹരിയാനയിലെ കോൺഗ്രസിന്റെ തേരോട്ടം.
ജമ്മു കശ്മീരിൽ ബി.ജെ.പി കിതക്കുമ്പോൾ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം ശക്തമായ തിരിച്ചുവരവാണ് കാഴ്ചവെക്കുന്നത്. കശ്മീരിൽ ആദ്യ മണിക്കൂറിൽ കോൺഗ്രസ് മുന്നിലെത്തിയെങ്കിലും ഇടയ്ക്ക് ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പ്രതീതിയുണ്ടായെങ്കിലും ഇപ്പോൾ ഇന്ത്യാ സഖ്യത്തിന്റെ കുതിപ്പാണുള്ളത്.
കശ്മീരിൽ ആകെയുള്ള 90 സീറ്റിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം 48 സീറ്റുമായി കുതിക്കുമ്പോൾ ബി.ജെ.പിക്ക് 24 സീറ്റിലും പിഡിപിക്ക് ആറു സീറ്റിലും ബാക്കി സീറ്റിൽ സ്വതന്ത്രരുമാണ് മുന്നേറ്റം തുടരുന്നത്. ഒരു സീറ്റിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയും ലീഡ് ചെയ്യുന്നു. ഇവിടെ അഞ്ചു സീറ്റ് ഗവർണർക്ക് നോമിനേറ്റ് ചെയ്യാം. അത് ലഫ്റ്റനന്റ് ഗവർണർ ബി.ജെ.പിക്കു പതിച്ചു നൽകുമെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ ശക്തമായ വെല്ലുവിളിയാണ് അവർക്കുള്ളത്.