മലപ്പുറം-കേരള പോലീസ് മര്യാദക്കാണ് പ്രവർത്തിക്കുന്നതെന്നും മര്യാദ തെറ്റിയാൽ അതിനെ നേർവഴിക്ക് നടത്താൻ പറ്റിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ പി.വി അൻവർ എം.എൽ.എക്ക് മറുപടിയായി നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു വിജയരാഘവൻ. മലപ്പുറം എന്ന പേര് പോലും പറയാൻ പാടില്ല എന്നാണ് ചിലർ പറയുന്നത്. മതസൗഹാർദ്ദമാണ് മലപ്പുറത്തിന്റെ അടിത്തറയെന്നും വിജയരാഘവൻ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേരളത്തിൽ നടത്താൻ പിണറായി വിജയൻ സമ്മതിക്കില്ല. ക്രിമിനലിനെയും കള്ളക്കടത്തുകാരെയും പോലീസ് പിടിക്കും. അത് ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാറിനെ ദുർബലപ്പെടുത്തുക എന്നത് ആർ.എസ്.എസിന്റെ അജണ്ടയാണ്. കേരളത്തിൽ ന്യായമായി തരാനുള്ളത് തരാതിരിക്കുന്നയാളാണ് നരേന്ദ്രമോഡി. ഗവർണ്ണർ നിരവധി ബുദ്ധിമുട്ടുകളാണ് സംസ്ഥാനത്തിനുണ്ടാക്കിയത്. അദ്ദേഹം ഇവിടെ തുടരണം എന്നാഗ്രഹിച്ച ഒരാൾ മാത്രമേയുള്ളൂ. അത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്.
കേരളത്തിൽ സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ സഖ്യമാണ് എന്ന് പറയുന്നവന്റെ തൊലി പരിശോധിക്കണം. 252 സഖാക്കൾ ജീവൻ കൊടുത്താണ് കേരളത്തിൽ ആർ.എസ്.എസിനെ പ്രതിരോധിച്ചത്. ചരിത്രത്തിൽ എക്കാലത്തും സി.പി.എം ആർ.എസ്.എസിനെ എതിർത്തുവരികയാണ്. ഒരു ഘട്ടത്തിലും സി.പി.എമ്മും ആർ.എസും സഖ്യമുണ്ടാക്കിയിട്ടില്ല. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തെ എതിർത്തുകൊണ്ടേയിരിക്കും. ഭൂമിയിൽ അവശേഷിക്കുന്ന അവസാന കമ്യൂണിസ്റ്റും ആർ.എസ്.എസിനെ എതിർക്കും. പാവങ്ങൾക്ക് വേണ്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. ഇ.എൻ മോഹൻദാസിനെ ആർ.എസ്.എസുകാരനാക്കി അവതരിപ്പിച്ചപ്പോഴാണ് അൻവർ ഏറ്റവും ചെറുതായതെന്നും വിജയരാഘവൻ പറഞ്ഞു.
കമ്യൂണിസ്റ്റുകാർ ഒരിക്കലും വർഗീയ വാദികളുമായി സഖ്യം ചെയ്തിട്ടില്ല. കോൺഗ്രസ് എല്ലാ കാലത്തും രാത്രി ആർ.എസ്.എസിന്റെ വോട്ട് വാങ്ങിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവറിന്റെ വാക്കുകൾ സുഭാഷിതങ്ങളാണ്. ആർ.എസ്.എസും കോൺഗ്രസുമാണ് നിരവധി തവണ സഖ്യമുണ്ടാക്കിയത്.
സർക്കാരിനെതിരെ കള്ളം പറയാൻ മാധ്യമ പ്രവർത്തകർക്ക് വേതനം കൊടുത്തു നിർത്തിയിരിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു. കേരളം ഇനിയും പിണറായി വിജയൻ തന്നെ ഭരിക്കും. സി.പി.എം പാവങ്ങളുടെയും ജനങ്ങളുടെയും ഭാഗത്താണ്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ളതിന്റെ ഭാഗമായാണ് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. പി. ശശിക്കെതിരെ ഇതേവരെ വ്യക്തമായ ഒരു പരാതിയും ഇതേവരെ ആരും മുഖ്യമന്ത്രിക്കും പാർട്ടിക്കും നൽകിയിട്ടില്ല. ആദ്യം പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിച്ച ശേഷമാണ് അൻവർ പരാതി മുഖ്യമന്ത്രിയെ സമീപിക്കുന്നത്. ഇപ്പോൾ തന്നെ നടപടി വേണം എന്ന് പറഞ്ഞാൽ അത് നടപ്പാക്കാനാകില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ചില സ്വതന്ത്രർ മൂന്നു കൊല്ലം കഴിയുമ്പോ തൊട്ടിന്യായം പറഞ്ഞ് സി.പി.എമ്മിനോട് വിടപറയാറുണ്ട്. അതിലൊന്നും സി.പി.എം തകരില്ല. പിണറായി വിജയൻ പ്രവർത്തിക്കുന്നത് പാർട്ടിയുടെ തീരുമാനം അനുസരിച്ചാണ്. അദ്ദേഹത്തെ മോശമാക്കി ചിത്രീകരിക്കാൻ അനുവദിക്കില്ല. വ്യക്തമായ കാഴ്ച്ചപാടിന്റെയും നിലപാടിന്റെയും അടിസ്ഥാനത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തി തോൽപ്പിക്കാനാകില്ല. രക്തസാക്ഷികളുടെ ചോരക്ക് മുകളിൽ ഒരു തരി മണ്ണിടാനും സമ്മതിക്കില്ല. കേരളത്തിലെ എല്ലാ വർഗീയ വാദികളും ഇടതുപക്ഷ അടിത്തറയെ തകർക്കാൻ ശ്രമിക്കുകയാണ്. കൂലിക്ക് വന്ന ഒരാളും ഈ സമ്മേളനത്തിലില്ല. അവർ നാളെയും മറ്റന്നാളും വരും. ഈ പാർട്ടിയെ ഒരു പോറലും ഏല്പിക്കാതെ കാക്കാനുള്ള കോടിക്കണക്കിന് പേർ കേരളത്തിലുണ്ട്. കുറവ് പരിഹരിച്ച് കേരളത്തിലെ സി.പി.എം ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും പിശക് പറ്റിയാൽ ജനങ്ങളോട് വിളിച്ചുപറയും. ഇതിനേക്കാൾ വളരേണ്ട ഒരു ഇടതുപക്ഷത്തെ പറ്റിയാണ് ഞങ്ങൾ ആലോചിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. പാർട്ടിയെ പിറകിൽനിന്ന് കുത്തുന്നവരെ വർഗവഞ്ചകനായാണ് പാർട്ടി കണക്കാക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.