- സർക്കാർ സ്കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്കൂളിൽ ചേർക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്കൂളുകളിലെ ബി.പി.എൽ വിദ്യാർത്ഥികൾക്കായി മാറ്റിവയ്ക്കണമെന്ന് ആവശ്യം. വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം, പ്രവാസികൾക്ക് വോട്ടവകാശം നൽകണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു
മഞ്ചേരി: നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന പുതിയ സാമൂഹ്യ സംഘടനയുടെ നയ പ്രഖ്യാപനമായി.
ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡി.എം.കെ പ്രവർത്തിക്കുക. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടുമെന്നും മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിച്ച് 15-ാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടുമെന്നും മഞ്ചേരിയിൽ നടന്ന പൊതുസമ്മേളനത്തിലെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാടും. വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സർക്കാർ സ്കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്കൂളിൽ ചേർക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്കൂളുകളിലെ ബി.പി.എൽ വിദ്യാർത്ഥികൾക്കായി മാറ്റിവയ്ക്കണം. വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം. സ്കൂൾ സമയം രാവിലെ 8 മുതൽ 1 വരെ ആക്കണം. പോലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം.
സംരംഭ സംരക്ഷണ നിയമം നടപ്പാക്കണം. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. ഫലസ്തീനിനോടുള്ള സമീപനം കേന്ദ്രസർക്കാർ തിരുത്തണം.
വന്യമൃഗ ശല്യത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ – മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. തൊഴിലില്ലായ്മ വേതനം 2000 ആക്കി ഉയർത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികൾക്ക് അനവദിക്കണമെന്നും നയപ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു.