ജിദ്ദ – ഈ വര്‍ഷം ആദ്യ പകുതിയില്‍ വിദേശ ടൂറിസ്റ്റുകള്‍ സൗദിയില്‍ 9,260 കോടി റിയാല്‍ ചെലവഴിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശ വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തില്‍ 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദി അറേബ്യ 4,160 കോടി റിയാല്‍ മിച്ചം രേഖപ്പെടുത്തി.
സൗദിയില്‍ ടൂറിസം മേഖല വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു കൊണ്ടിരികയാണ്. 2019 ആദ്യത്തെ ഏഴു മാസക്കാലത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യത്തെ ഏഴു മാസക്കാലത്ത് ജി-20 രാജ്യങ്ങളില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും ടൂറിസം മേഖലാ വരുമാനത്തിലും ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് സൗദി അറേബ്യയിലാണെന്ന് യു.എന്‍ വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.