ജിദ്ദ – ഉത്തര ജിദ്ദയിലെ അല്‍റൗദ ഡിസ്ട്രിക്ടില്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ തീ പടര്‍ന്നുപിടിച്ചത് ചെരുപ്പ് കടയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. ചെരുപ്പ് കടയില്‍ പുതുക്കിപ്പണികള്‍ നടത്തുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. വൈകാതെ മാര്‍ക്കറ്റില്‍ നാലു ഭാഗത്തേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് ഏറെക്കുറെ പൂര്‍മായും കത്തിനശിക്കുകയും തകരുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് മാര്‍ക്കറ്റില്‍ അഗ്നിബാധ ആരംഭിച്ചത്. 46 വര്‍ഷം മുമ്പ് 22,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ആകെ 255 വ്യാപാര സ്ഥാപനങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 100 എണ്ണം ജ്വല്ലറികളായിരുന്നെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. അഗ്നിബാധയില്‍ കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടങ്ങള്‍ നേരിട്ടതായാണ് കണക്കാക്കുന്നത്. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കിടെ രണ്ടു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ വീരമൃത്യുവരിച്ചിരുന്നു.