- വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പി.ആർ ഏജൻസി മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെയെന്നും കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പി.ആർ ഏജൻസി മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്? മുഖ്യമന്ത്രിക്കിക്ക് നാക്കുപിഴ സംഭവിച്ചതാണങ്കിൽ അംഗീകരിക്കാം. പക്ഷെ, പി.ആർ ഏജൻസി ചെയ്തുവെന്നത് ഗൗരവം കൂട്ടുന്നു. ഇത്തരം വിഭജനം വിലപ്പോവില്ലെന്ന് വടകര ലോക്സഭ ഫലം തെളിയിച്ചതാണെന്നും ഇതുപോലത്തെ പി.ആർ ഏജൻസിയേയുമായി മുന്നോട്ടു പോയാൽ കൂടുതൽ പേർ എൽ.ഡി.എഫിൽ നിന്ന് പുറത്തുവരുമെന്നും
പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നിലമ്പൂരിൽ ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റി എന്നത് അടിസ്ഥാനരഹിതമായ വാർത്തയാണ്. പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ഭരണപക്ഷ എം.എൽ.എയുടെ തുറന്നു പറച്ചിൽ യു.ഡി.എഫിൽ സ്വാഭാവികമായും ചർച്ചയാകും. ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
അതിനിടെ, മുഖ്യമന്ത്രിയുടെ വിവാദമായ അഭിമുഖത്തിൽ ഖേദപ്രകടനവുമായി ദ ഹിന്ദു പത്രം രംഗത്തെത്തിയിരുന്നു. മലപ്പുറം പരാമർശം പി.ആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് വിശദീകരണം. കൈസെൻ എന്ന പി.ആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ദ ഹിന്ദു വ്യക്തമാക്കി. ഏതെങ്കിലും ഒരു ജില്ലയെയോ, മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് അഭിമുഖം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. എന്നാൽ, തന്റെ പേരിൽ താൻ പറയാത്തത് എഴുതിച്ചേർത്ത പി.ആർ കമ്പനിക്കെതിരേ നടപടി സ്വീകരിക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല.