ജിദ്ദ: ആധുനികതയെ വാരിപ്പുണരുമ്പോഴും അനാഥത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും സങ്കടം അനുഭവിക്കുന്ന പാശ്ചാത്യരുടെ ജീവിത രീതികളെ പുൽകാൻ വെമ്പുമ്പോഴും നഷ്ടപ്പെടുന്ന കുടുംബമെന്ന സൗഭാഗ്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ ഓർമ്മപ്പെടുത്തി. ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി കിലോ പത്തിലെ അൽനുഖ്ബ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഫാമിലി കോൺഫ്രൻസിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിൻമകൾ നിസാരവൽക്കരിച്ച് ധാർമ്മികതയുടെ സകല സീമകളും ലംഘിച്ച് സമൂഹത്തിൽ അരങ്ങുവാഴുന്ന ലിബറലിസം ഏതെങ്കിലുമൊരു മതത്തെയല്ല ഒരു സമൂഹത്തെ തന്നെയാണ് ശിഥിലമാക്കുന്നത്, അത് തിരിച്ചറിഞ്ഞ് രാഷ്ട്രീയവും സാമൂഹ്യവുമായ പരിഹാരം കാണുകയാണ് വേണ്ടത്.
ടെക്നോളജി എത്രമാത്രം പുരോഗമിച്ചാലും ലോകത്തിലെ ഏറ്റവും വലിയ വിഭവശേഷി ദൈവം മനുഷ്യന് നൽകിയ ബുദ്ധിയാണ്. അത് ക്രിയാത്മകമായി വിനയോഗിക്കുമ്പോഴാണ് ജീവിതം സാർത്ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.സി.സി. പ്രസിഡണ്ട് സുനീർ പുളിക്കൽ അധ്യക്ഷം വഹിച്ചു.