ജിദ്ദ – മേഖലയിലെ പ്രശ്‌നങ്ങളുടെയും സംഘര്‍ഷം രൂക്ഷമായതിന്റെയും അടിസ്ഥാന കാരണം ഗാസ യുദ്ധമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഗാസ യുദ്ധം വിശകലനം ചെയ്യാന്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തിര മന്ത്രിതല യോഗത്തില്‍ അധ്യക്ഷം വഹിച്ച ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള വ്യക്തമായ പാത സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനുള്ള പരിഹാരത്തിന് കാത്തിരുന്ന് മടുത്തിരിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കേണ്ടത് ഫലസ്തീനികളുടെ അവകാശമാണ്. ഗാസ യുദ്ധം അവസാനിപ്പിക്കണം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്തണം.
വെടിനിര്‍ത്തല്‍ അനിവാര്യമാണ്. ആക്രമണം ഒരു പ്രശ്‌നവും പരിഹരിക്കില്ല. ഗാസ യുദ്ധമാണ് പ്രശ്‌നത്തിന്റെ മൂലകാരണം. ഇതാണ് മേഖലയില്‍ സംഘര്‍ഷം മൂര്‍ഛിക്കാന്‍ കാരണം. സംഘര്‍ഷവും യുദ്ധവും അവസാനിപ്പിച്ച് രാഷ്ട്രീയ പരിഹാരമുണ്ടാക്കണം. വെടിനിര്‍ത്തലിന്റെ പ്രാധാന്യത്തിലും സമാധാന പ്രക്രിയയിലേക്കുള്ള മാറ്റത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു.
ഞങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് ഞങ്ങള്‍ അംഗീകരിക്കില്ല. ആരുടെയെങ്കിലും മേല്‍ അടിച്ചേല്‍പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനം അവകാശമാണ്. ഇത് നേടിയെടുക്കാന്‍ നാം കൈകോര്‍ക്കണമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.