റിയാദ്- സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ (തിങ്കള്‍) രാത്രി ഒമ്പത് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും. ഏഴ് മിനുട്ട് നടക്കുന്ന കരിമരുന്ന് പ്രയോഗത്തിന്റെ സംഘാടകര്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ്. റിയാദില്‍ അല്‍ഖൈറുവാന്‍ സ്ട്രീറ്റില്‍ ഉമ്മുഅജ്ലാന് പാര്‍ക്ക്, ജിദ്ദയില്‍ പ്രൊമനൈഡ് ബീച്ച്, അല്‍കോബാറിലെ നോര്‍ത്ത് കോര്‍ണീഷ്, ബുറൈദയില്‍ അല്‍ശര്‍ഖ് പാര്‍ക്ക്, തബൂക്കില്‍ നദീം സെന്‍ട്രല്‍ പാര്‍ക്ക്, മദീനയില്‍ അല്‍സഹൂര്‍ പാര്‍ക്ക് അബഹയില്‍ അല്മിതല് പാര്‍ക്ക്, ഹായിലില്‍ അല്മിഗ്വാത്ത് പാര്‍ക്ക്, അറാറില്‍ ബുര്‍ജ് അല്‍ശിമാല്‍, നജ്റാനില്‍ അമീര്‍ ഹദ്ലൂല്‍ സ്പോര്‍ട്സ് സിറ്റി, അല്‍ബാഹ അമീര്‍ ഹുസാം ബിന്‍ സൗദ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് കരിമരുന്നിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
അല്‍ജൗഫില്‍ അമീര്‍ അബ്ദുല്‍ ഇലാഹ് അല്‍ഹദാരി സെന്ററില്‍ രാത്രി പത്ത് മണിക്കാണ് വെടിക്കെട്ട്. ജിസാനിലെ കോര്‍ണീഷിലും വെടിക്കെട്ട് സജ്ജീകരിച്ചിട്ടുണ്ട്. സൗദി ടെലിവിഷന്‍ കരിമരുന്ന് പ്രയോഗം ലൈവായി സംപ്രേക്ഷണം ചെയ്യും.