ന്യൂഡല്‍ഹി. ആപ്പിള്‍ പുതിയ ഐഫോണ്‍ 16 സീരീസ് വിപണിയിലിറക്കിയതിനു പിന്നാലെ ആപ്പിള്‍ ഉപകരണങ്ങളില്‍ അതീവ സുരക്ഷാ ഭീഷണി ഉള്ളതായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In) മുന്നറിയിപ്പു നല്‍കി. ഐഒഎസ്, ഐപാഡ് ഒഎസ്, മാക് ഒഎസ്, വിഷന്‍ ഒഎസ് തുടങ്ങി ആപ്പിളിന്റെ വിവിധ സോഫ്റ്റ് വെയറുകളിലാണ് സൈബര്‍ ആക്രമണകാരികള്‍ കടന്നുകയറിയേക്കാവുന്ന തരത്തിലുള്ള സുരക്ഷാ പാളിച്ച ഉള്ളതെന്ന് സെര്‍ട്ട് ഇന്‍ മുന്നറിയിപ്പു നല്‍കുന്നു.
അപകട സാധ്യത ഇല്ലാതാക്കാന്‍ ആപ്പിളിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ പതിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുകയാണ് പോംവഴിയെന്നും സെര്‍ട്ട്-ഇന്‍ അറിയിക്കുന്നു. ഡിവൈസുകളില്‍ അസാധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് ഉപഭോക്താക്കള്‍ പരിശോധിക്കണമെന്നും ആവശ്യമായ എല്ലാ സൈബര്‍ സെക്യൂരിറ്റി മുന്‍കരുതലുകളും സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഉപകരണങ്ങളിലേക്ക് ഹാക്കര്‍മാര്‍ക്കും സൈബര്‍ ആക്രമികള്‍ക്കും കടന്ന് കയറാനും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും കഴിയും. ഡിവൈസിലെ സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും പ്രവര്‍ത്തനം സ്തംഭിപ്പിക്കാനും, ഉപകരണത്തിന്റെ പൂര്‍ണ നിയന്ത്രണം വരുതിയിലാക്കാനും സ്പൂഫ് അറ്റാക്കുകള്‍ നടത്താനും സാധ്യതയുണ്ടെന്ന് സെര്‍ട്ട്-ഇന്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
സുരക്ഷാഭീഷണിയുള്ള ആപ്പിള്‍ സോഫ്റ്റ്‌വെയറുകള്‍
- ഐഫോണിലെ ഐഒഎസ്, ഐപാഡ്ഒഎസ് എന്നിവയുടെ 18, 17.7 എന്നീ പതിപ്പുകള്‍ക്കു മുമ്പുള്ള പതിപ്പുകള്‍.
- മാക് ഒഎസ് സൊനോമ, വെന്‍ചുറ, സെകോയ എന്നിവയുടെ പഴയ പതിപ്പുകള്‍.
- ടിവി ഒഎസ്, വാച്ച് ഒഎസ് എന്നിവയുടെ പഴയ പതിപ്പുകള്‍.
- സഫാരി, എക്‌സ് കോഡ് എന്നിവയുടെ പഴയ പതിപ്പുകള്‍
- വിഷന്‍ ഒഎസ്