കൊല്ലം: സ്കൂട്ടർ യാത്രികരായ സ്ത്രീകളെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കാർ കയറ്റി കൊന്ന സംഭവത്തിൽ കാർ ഡ്രൈവറും കൂടെയുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലാണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണ് പോലീസ് പിടികൂടിയത്.
കൂടെയുണ്ടായിരുന്ന യുവ വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാർ.
ഇന്നലെ വൈകീട്ട് മൈനാഗപ്പള്ളി ആനൂർകാവിൽ വച്ചാണ് സ്കൂട്ടർ യാത്രികരായ സ്ത്രീകളെ അജ്മൽ ഓടിച്ച കാർ ഇടിച്ചുവീഴ്ത്തിയത്. തുടർന്ന് റോഡിൽ വീണുപോയ യുവതിയുടെ ദേഹത്തുകൂടി കാർ കയറ്റിയിറക്കുകയായിരുന്നു പ്രതി. സംഭവത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) രാത്രിയോടെ മരിക്കുകയായിരുന്നു. ഇവരോടൊപ്പം സ്കൂട്ടർ ഓടിച്ച ഫൗസിയയ്ക്കും പരുക്കുണ്ട്.
കാർ സ്കൂട്ടറിൽ ഇടിച്ചയുടനെ ഫൗസിയ സൈഡിലേക്കും കുഞ്ഞുമോൾ റോഡിന്റെ നടുവിലേക്കും തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ദൃക്സാക്ഷികൾ പറഞ്ഞത് കേൾക്കാതെ, കാർ പിന്നോട്ടെടുത്ത ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടെടുത്ത് കുഞ്ഞുമോളുടെ ശരീരത്തിൽ കൂടി കയറ്റുന്ന രംഗമാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.
പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. തെറ്റായ ദിശയിലൂടെയാണ് കാർ വന്നതെന്നും ഇടിച്ചയുടനെ കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതി തയ്യാറായില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു.