കുവൈത്ത് സിറ്റി – കുവൈത്തില്‍ ഇന്ന് ആറു കൊലക്കേസ് പ്രതികളെ തൂക്കിക്കൊന്നു. ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് കൊല്ലപ്പെട്ട വനിതയുടെ ബന്ധുക്കള്‍ ദിയാധനം കൈമാറണമെന്ന ഉപാധിയോടെ മാപ്പ് നല്‍കിയതിനാല്‍ യുവതിയെ വധശിക്ഷയിൽനിന്ന് ഒഴിവാക്കി. കുവൈത്ത് സെന്‍ട്രല്‍ ജയിലിനകത്തു വെച്ച് ഇന്ന് രാവിലെ ഏഴു മണിക്കാണ് ആറു പേരെയും തൂക്കിക്കൊന്നത്. ശിക്ഷ നടപ്പാക്കാനുള്ള മുഴുവന്‍ നടപടിക്രമങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
മൂന്നു കുവൈത്തികളെയും രണ്ടു ഇറാനികളെയും ഒരു പാക്കിസ്ഥാനിയെയുമാണ് തൂക്കിക്കൊന്നത്. കൊല്ലപ്പെട്ട വനിതയുടെ മാതാവ് ഇന്ന് പുലര്‍ച്ചെ ജയില്‍ വകുപ്പ് മേധാവിയെ സമീപിച്ച് തന്റെ മകളെ കൊലപ്പെടുത്തിയ കുവൈത്തി വനിതക്ക് ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയായിരുന്നു. ഇക്കാര്യം ജയില്‍ വകുപ്പ് മേധാവി ഉടന്‍ തന്നെ അറ്റോര്‍ണി ജനറലിനെ അറിയിച്ചു.
ഇതേ തുടര്‍ന്ന് ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ ശിക്ഷ നടപ്പാക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് അറ്റോര്‍ണി ജനറല്‍ ഉത്തരവിടുകയായിരുന്നു. സല്‍വ ഏരിയയില്‍ രാജകുടുംബാംഗത്തെ കൊലപ്പെടുത്തി പണം കവര്‍ന്നതിനാണ് ഇറാനികളെ തൂക്കിക്കൊന്നത്. പാക്കിസ്ഥാനി അന്ത്യശ്വാസം വലിക്കാന്‍ 14 മിനിറ്റിലേറെ സമയമെടുത്തു. കുവൈത്തില്‍ തൂക്കിക്കൊല്ലല്‍ ശിക്ഷ നടപ്പാക്കുന്നതില്‍ എടുത്ത സമയത്തിലെ സര്‍വകാല റെക്കോര്‍ഡ് ആണിത്.
മയക്കുമരുന്ന് പ്രതിക്ക് വധശിക്ഷ നടപ്പാക്കി
ജിദ്ദ – മയക്കുമരുന്ന് കടത്ത് പ്രതിയായ അഫ്ഗാനിക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ ജാന്‍ മുഹമ്മദ് വലി മുഹമ്മദിന് ആണ് ശിക്ഷ നടപ്പാക്കിയത്.