റിയാദ്- സൗദിയിൽ ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെൻ്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവയ്ക്ക് വാണിജ്യ പ്രവർത്തന ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള ഫീസ് (ബലദിയ ലൈസൻസ് ഫീസ്) താൽക്കാലികമായി ഒഴിവാക്കി. സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രി മാജിദ് ബിൻ അബ്ദുല്ലയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അംഗീകാരം നൽകി.
സൗദി നഗരങ്ങളിലെ മുനിസിപ്പൽ നടപടിക്രമങ്ങളും സേവനങ്ങളും സുഗമമാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖല വികസിപ്പിക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും നൽകുന്ന ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകർഷകമായ നിക്ഷേപ അന്തരീക്ഷവും ഈ മേഖലയിലെ മത്സരശേഷി വർദ്ധിപ്പിക്കാനുമാകും.
വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഹോട്ടലുകൾക്കും ഹോട്ടൽ അപ്പാർട്ട്മെൻ്റുകൾക്കും റെസിഡൻഷ്യൽ റിസോർട്ടുകൾക്കുമുള്ള വാണിജ്യ പ്രവർത്തന ലൈസൻസ് നേടുകയോ, പുതുക്കുകയോ ചെയ്ത് ഈ തീരുമാനത്തിൻ്റെ പ്രയോജനവും ആനുകൂല്യവും നേടണമെന്ന് മുനിസിപ്പാലിറ്റി, ഹൗസിംഗ്, ടൂറിസം മന്ത്രാലയങ്ങൾ ടൂറിസം മേഖലയിലെ നിക്ഷേപകരോട് ആഹ്വാനം ചെയ്തു. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെൻ്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവയുടെ ഉടമകൾക്കായി ശിൽപശാലകളും ബോധവൽക്കരണ സെഷനുകളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെൻ്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവയ്ക്ക് വാണിജ്യ പ്രവർത്തന ലൈസൻസുകൾ നൽകുന്നതിനുള്ള ഫീസ് താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം നിക്ഷേപകരെ പിന്തുണയ്ക്കുന്നതിനും ടൂറിസം മേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചുവടുവെപ്പാണ്.
തൊഴിലവസരങ്ങൾ, മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഈ മേഖലയുടെ സംഭാവന വർദ്ധിപ്പിക്കുക. സൗദി ടൂറിസത്തിലെ നിക്ഷേപം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ടൂറിസം മേഖലയിലെ നിക്ഷേപം പ്രാപ്തമാക്കുന്ന സംരംഭങ്ങളിൽ ഒന്നാണിത്.