കൊല്‍ക്കത്ത: നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റിനെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഡ്യുറാന്‍ഡ് കപ്പില്‍ കന്നിക്കിരീടം. സോള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശ ഫൈനലിന്റെ ഷൂട്ടൗട്ടില്‍ 4-3നാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. 18ാം കിരീടം ലക്ഷ്യമിട്ടെത്തിയ കരുത്തരായ മോഹന്‍ ബഗാനെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വീഴ്ത്തിയത്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ എതിരില്ലാത്ത രണ്ടു ഗോളിനു പിന്നിലായിരുന്നു നോര്‍ത്ത് ഈസ്റ്റ്. സ്വപ്നതുല്യമായ തിരിച്ചുവരവാണ് നോര്‍ത്ത് ഈസ്റ്റ് നടത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പിടിച്ചിരുന്നു. മോഹന്‍ ബഗാന്റെ ഗോളുകള്‍ ആദ്യപകുതിയില്‍ ജേസണ്‍ കുമ്മിങ്സ് (പെനല്‍റ്റി, 11ാം മിനിറ്റ്), മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് (45+ 5) എന്നിവര്‍ നേടി. നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ രണ്ടാം പകുതിയില്‍ അലെയ്ദീന്‍ അയാറെ (55ാം മിനിറ്റ്), ഗില്ലെര്‍മോ (58) എന്നിവര്‍ നേടി.
മോഹന്‍ ബഗാനായി കിക്കെടുത്ത ക്യാപ്റ്റന്‍ സുഭാശിഷ് ബോസ്, ലിസ്റ്റിന് കൊളാസോ എന്നിവരുടെ കിക്കുകള്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയതാണ് നിര്‍ണായകമായത്. ടൂര്‍ണമെന്റില്‍ മോഹന്‍ ബഗാന് നേരിടുന്ന തുടര്‍ച്ചയായ മൂന്നാം പെനല്‍റ്റി ഷൂട്ടൗട്ടായിരുന്നു ഇത്. ക്വാര്‍ട്ടറിലും സെമിയിലും ഷൂട്ടൗട്ടില്‍ ജയിച്ചുകയറിയാണ് ബഗാന് കലാശപ്പോരിനെത്തിയത്. ബഗാന് ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിനു ഇത്തവണ ടീമിനെ രക്ഷിക്കാനായില്ല.
ജേസണ്‍ കുമ്മിങ്സ്, മന്‍വീര്‍ സിങ്, പെട്രാറ്റോസ് എന്നിവര്‍ക്കു മാത്രമാണ് മോഹന്‍ ബഗാനായി കിക്കെടുത്തവരില്‍ ലക്ഷ്യം കാണാനായത്. മറുവശത്ത് നോര്‍ത്ത് ഈസ്റ്റിനായി കിക്കെടുത്ത ഗില്ലെര്‍മോ, മൈക്കല്‍ സബാക്കോ, പ്രതിബ്, അലെയ്ദീന്‍ അയാറെ എന്നിവരെല്ലാം ലക്ഷ്യം കണ്ടു. മോഹന്‍ ബഗാനായി അവസാന കിക്കെടുത്ത സുഭാശിഷ് ബോസിനു പിഴച്ചതോടെ, അഞ്ചാം കിക്ക് കൂടാതെ തന്നെ നോര്‍ത്ത് ഈസ്റ്റ് കിരീടം സ്വന്തമാക്കി.