കൊച്ചി- ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) പുതിയ മാനേജ്‌മെന്റിന് കീഴിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിന് കരുത്തായി യുവതാരം മുഹമ്മദ് സനാൻ. ജംഷഡ്പൂർ എഫ് സിയിൽ നിന്ന് 22കാരനായ വിംഗർ സനാനെ 2028-29 സീസൺ പൂർത്തിയാകുന്നത് വരെ നീളുന്ന നാല് വർഷത്തെ ദീർഘകാല കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലെത്തിച്ചത്. ആദ്യ സീസണിൽ 75 ലക്ഷം രൂപ ശമ്പളത്തിനാണ് സനാൻ ബ്ലാസ്റ്റേഴ്‌സിലെത്തിയതെന്നാണ് വിവരം.
യുഎഇ ആസ്ഥാനമായുള്ള പ്രമുഖ സ്‌പോർട്‌സ്, സ്‌പോർട്‌സ്-ടെക് കൺസോർഷ്യമായ ആൽ ഫുർസാൻ ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് പിന്നാലെയാണ് ക്ലബ്ബിന്റെ നിർണായക നീക്കങ്ങൾ.
മലപ്പുറം മഞ്ചേരി സ്വദേശിയായ സനാൻ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സ് അക്കാദമിയിലൂടെയാണ് സനാൻ തന്റെ ഫുട്‌ബോൾ കരിയർ കെട്ടിപ്പടുത്തത്. അക്കാദമിക്ക് വേണ്ടി റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിലും നെക്സ്റ്റ് ജെൻ കപ്പിലും നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയത്.
2023ൽ ഐഎസ്എൽ ക്ലബ്ബായ ജംഷഡ്പൂർ എഫ്.സിയിലൂടെയാണ് സനാൻ സീനിയർ കരിയർ ആരംഭിക്കുന്നത്. ക്ലബ്ബിനായി ലീഗിലും ഡ്യൂറൻഡ് കപ്പിലുമായി 60ലധികം മത്സരങ്ങൾ കളിച്ചു.
ഇന്ത്യൻ അണ്ടർ-23 ടീമിനായി കളിച്ചിട്ടുള്ള സനാൻ, നിലവിൽ ഇന്ത്യൻ സീനിയർ ദേശീയ ഫുട്‌ബോൾ ടീമിലും അംഗമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







