കൊച്ചി- കഴിഞ്ഞ ദിവസം തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്തുവെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. താംബരം ട്രെയിനിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടി ആരോഗ്യവതിയാണെന്നും ഭക്ഷണം കഴിക്കാത്തതുകൊണ്ടുള്ള ക്ഷീണമുണ്ടെന്നും പോലീസ് പറഞ്ഞു. കുട്ടി നിലവിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ച് അസം സ്വദേശിയായ പതിമൂന്നു വയസുള്ള കുട്ടിയെ കാണാതായത്.
അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അന്‍വര്‍ ഹുസൈന്റെ മകളായ തസ്മീത്ത് തംസത്തെയാണ് കണ്ടെത്തിയത്. കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. അസമിലേക്കുള്ള ട്രെയിനിൽ കയറി പെൺകുട്ടി പോയിരിക്കാമെന്ന് തുടക്കത്തിൽ തന്നെ പോലീസ് അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് പോലീസ് തീവണ്ടികളിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വിശാഖപട്ടണത്തെ മലയാളി അസോസിയേഷനാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്.