ജിദ്ദ: പ്രവാസി പുനരധിവാസം നിയമമാക്കുന്നതിന് ആവുന്നതെല്ലാം ചെയ്യുമെന്ന് അഡ്വക്കേറ്റ് ഹാരിസ് ബീരാൻ എംപി പറഞ്ഞു. ജിദ്ദ കെഎംസിസി എറണാകുളം ജില്ല കമ്മിറ്റി സീസൺസ് ഹോട്ടലിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രത്യക ഓർഡിനൻസുകൾ കൊണ്ട് പ്രവാസികളുടെ പ്രയാസങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിയില്ല. വോട്ടവകാശം ഉൾപ്പെടെയുള്ള പ്രവാസി പ്രശ്നങ്ങൾ പഠിച്ചു അവ നേടിയെടുക്കുന്നതിൽ പ്രവാസലോകത്തോടൊപ്പം എന്നും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസവും യാത്രാ പ്രശ്നവും കാലങ്ങളായി ഗൾഫ് മേഖലയിൽ നിന്നും കേൾക്കുന്ന പരാതിയാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ അഹമ്മദ് ഖാൻ സൂരിയുമായി നടത്തിയ കൂടിക്കാഴ്ച ആശാവഹമാണ്. ഹജ്ജ് സേവന രംഗത്തെ പ്രശ്നങ്ങൾ അദ്ദേഹത്തിന് പൂർണമായും ബോധ്യപ്പെട്ടിട്ടുണ്ട്. റഷീദ് ചാമക്കാട്ട് ആധ്യക്ഷം വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട്, സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, കെഎംസിസി വനിതാ വിങ് ജനറൽ സെക്രെട്ടറി ഷമീല മൂസ, കലാം സഖാഫി പല്ലാരിമംഗലം, എന്നിവർ പ്രസംഗിച്ചു. ഡോക്ടർ ബിൻയാം ഉസ്മാൻ, അനസ് അരിമ്പ്രശ്ശേരി, ശാഫി കാലടി, കെ.എ. അബ്ദുൽ റഷീദ് എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു. കൊച്ചുമുഹമ്മദ് അല്ലപ്ര , പി.എ. അബ്ദുൽ റഷീദ് ആലുവ, അഡ്വക്കേറ്റ് ഷിയാസ് കവല, അനീസ് ഓടക്കലി, അലി കല്ലുമ്പുറം എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് അമീൻ ഖിറാഅത്ത് നടത്തി ജാബിർ മടിയൂർ സ്വാഗതവും ശാഫി കാലടി നന്ദിയും പറഞ്ഞു. റഷീദ് ചാമക്കാട്ട് ഉപഹാരം കൈമാറി.