ഡമാസ്‌കസ് -കഴിഞ്ഞ വർഷം അരലക്ഷത്തിലേറെ പേർ മരിച്ച ഭൂകമ്പത്തിന്റെ ഓർമ്മകളിൽനിന്ന് വിട്ടുമാറുന്നതിന് മുമ്പ് സിറിയയിലും ജോർദാനിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച വൈകിട്ടാണ് സംഭവിച്ചതെന്ന് ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസ് (ജി.എഫ്.ഇസെഡ്) അറിയിച്ചു. ഭൂമിയുടെ പ്രതലത്തിൽനിന്ന് പത്തു കിലോമീറ്റർ (6.2 മൈൽ) ആഴത്തിലായിരുന്നു ഭൂചലനമെന്ന് ജി.എഫ്ഇസെഡ് അറിയിച്ചു. നേരത്തെ റിക്ടർ സ്കെയിലിൽ 5.46 തീവ്രത രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഇത് 4.8 ആക്കി ചുരുക്കി.
സിറിയയിലെ ഹമാ നഗരത്തിന് കിഴക്കാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി അറിയിച്ചു. നഗരത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹമാ പോലീസ് മേധാവി മേജർ ജനറൽ ഹുസൈൻ ജുമാ പറഞ്ഞു.
ഹമാ നഗരത്തിന് ഏകദേശം 30 കിലോമീറ്റർ (18.5 മൈൽ) കിഴക്കുള്ള സലാമിയ എന്ന പട്ടണത്തിലെ നാട്ടുകാർ ഭയപ്പെട്ട് തെരുവുകളിൽ ഓടിയെന്ന് സർക്കാർ ജീവനക്കാരനായ നാസർ ദുയൂബ് പറഞ്ഞു.
“എൻ്റെ മകൻ ഉറങ്ങുകയായിരുന്നു, ഞാൻ അവനെ വലിച്ചെടുത്ത് വീട്ടിൽനിന്ന് ഇറങ്ങിയോടിയെന്ന് ദുയുബ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒരു ബാൽക്കണി തകർന്നതും ബോധരഹിതരായ ആളുകളെ ആംബുലൻസുകൾ എത്തി കൊണ്ടുപോകുന്നത് കണ്ടുവെന്നും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ വർഷം 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അരലക്ഷത്തിലേറെ ആളുകളാണ് ഇവിടെ മരിച്ചത്. തുർക്കിയിലും വടക്കൻ സിറിയയിലുമാണ് അന്ന് ഭൂകമ്പമുണ്ടായത്. അതിന്റെ ഓർമ്മകൾ കാരണം ആളുകൾ ചെറിയ പ്രകമ്പനം ഉണ്ടായപ്പോൾ തന്നെ വീടുവിട്ടോടി.
“ഭൂമിയിൽ നിന്ന് എന്തോ ഒന്നു പുറത്തുവരുന്നത് പോലെയുള്ള ശബ്ദമായിരുന്നു അത്,” സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ താമസക്കാരിയായ ഉമ്മു ഹംസ പറഞ്ഞു. “കഴിഞ്ഞ തവണത്തെപ്പോലെ എനിക്ക് തലകറങ്ങി. കഴിഞ്ഞ വർഷത്തെ ഭയം എന്നെ കൂടുതൽ പേടിപ്പിച്ചുവെന്നും അവർ വ്യക്തമാക്കി.
ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും എന്നാൽ ഇതേവരെ അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.
ലെബനനിലെ താമസക്കാർക്കും ഭൂചലനം അനുഭവപ്പെട്ടു. 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജോർദാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.