താനൂർ- മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസായിരുന്നു. ഒൻപതും പത്തും നിയമസഭകളിൽ അംഗമായിരുന്ന കുട്ടി അഹമ്മദ് കുട്ടി ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശവകുപ്പ് മന്ത്രിയായും സേവനം ചെയ്തു. 1992 ലെ ഉപതെരഞ്ഞടുപ്പിൽ താനൂരിൽ നിന്നും 1996ലും, 2001ലും തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭ അംഗമായത്. താനൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 നാണ് കുട്ടി അഹമ്മദ് കുട്ടി ജനിച്ചത്. ബി.എസ്.സി പൂർത്തിയാക്കി. മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്,മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. തിരൂർ എസ്.എസ് എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനായും സേവനം ചെയ്തു. ഭാര്യ- ജഹാനര.