റിയാദ് – തായിഫ്, റിയാദ് റോഡില്‍ ഇന്നുണ്ടായ രണ്ടു വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരണപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്നു മണിക്കാണ് ആദ്യ അപകടമുണ്ടായത്. കാര്‍ മറിഞ്ഞ് മൂന്നു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ റിയാദ് ഹെല്‍ത്ത് ക്ലസ്റ്ററിനു കീഴിലെ അല്‍ഖാസിറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലക്ക് ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ പരിശോധനകള്‍ക്കു ശേഷം അല്‍ഖുവൈഇയ ജനറല്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലേക്ക് മാറ്റി. താടിയെല്ല് പൊട്ടിയ ഒരാളെ റിയാദ് കിംഗ് സൗദ് ആശുപത്രിയിലേക്കും നീക്കി. ഒരാളെ അല്‍ഖാസിറ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
രണ്ടാമത്തെ അപകടം ഇന്ന് രാവിലെ ഏഴു മണിക്കാണുണ്ടായത്. കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അല്‍ഖാസിറ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇക്കൂട്ടത്തില്‍ ഒരാളെ അല്‍ഖുവൈഇയ ജനറല്‍ ആശുപത്രി ന്യൂറോളജി വിഭാഗത്തിലേക്ക് മാറ്റി. രണ്ടാമനെ അല്‍ഖാസിറ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
റോഡപകടങ്ങളില്‍ മരണ നിരക്ക് കുറഞ്ഞു
ജിദ്ദ – സൗദിയില്‍ റോഡപകടങ്ങളില്‍ മരണ നിരക്ക് ഒരു ലക്ഷം പേര്‍ക്ക് 13.6 എന്ന തോതില്‍ കുറഞ്ഞതായി ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍ഫോര്‍മേഷന്‍ പ്രോഗ്രാം അറിയിച്ചു. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ നിരക്ക് ഒരു ലക്ഷം പേര്‍ക്ക് 70.87 എന്ന തോതിലും കുറഞ്ഞിട്ടുണ്ട്. സൗദിയിലെ 77 ശതമാനം റോഡുകളിലും ഗതാഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമാണെന്നും ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍ഫോര്‍മേഷന്‍ പ്രോഗ്രാം പറഞ്ഞു.