കാഞ്ഞങ്ങാട് – കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്കൂളിനു സമീപത്തെ ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് തൊട്ടടുത്തുള്ള ലിറ്റിൽ ഫഌർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.
സ്കൂൾ ക്ലാസ് മുറിക്ക് അടുത്തായുള്ള ജനറേറ്ററിൽനിന്നാണ് വിദ്യാർത്ഥികൾ പുക ശ്വസിച്ചതെന്നാണ് പറയുന്നത്. പുക ശ്വസിച്ച കുട്ടികൾക്ക് ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അമ്പത് കുട്ടികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ അഞ്ചു കുട്ടികളെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയതായാണ് വിവരം.
ആരുടെയും നില ഗുരുതരമല്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും സംഭവ സ്ഥലത്തെത്തിയ സബ് കലക്ടർ സുഫിയാൻ അഹമ്മദ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group