ജിദ്ദ – 19 രാജ്യങ്ങളിലെ 54 ഉംറ സര്‍വീസ് കമ്പനികളെയും ഏജന്‍സികളെയും സൗദിയിലെ ഉംറ സര്‍വീസ് കമ്പനികള്‍ കരിമ്പട്ടികയില്‍ പെടുത്തി. ഈ കമ്പനികളുമായും ഏജന്‍സികളുമായും സഹകരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഇവയുടെ പേരുവിരങ്ങളടങ്ങിയ പട്ടിക സൗദി ഉംറ സര്‍വീസ് കമ്പനികള്‍ പരസ്പരം പങ്കുവെക്കുന്നുണ്ട്. സൗദി അറേബ്യക്കകത്തും വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന വ്യാജ ഉംറ സര്‍വീസ് കമ്പനികളെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ സൗദി ഉംറ സര്‍വീസ് കമ്പനികള്‍ സുരക്ഷാ വകുപ്പുകളുമായി ചേർന്ന് പ്രവർത്തനം തുടങ്ങി.
ഇത്തവണത്തെ ഹജിന് സൗദിയില്‍ നിരവധി വ്യാജ ഹജ് സര്‍വീസുകള്‍ കണ്ടെത്തുകയും വിദേശങ്ങളിലെ ടൂറിസം കമ്പനികള്‍ സന്ദര്‍ശന വിസയില്‍ ഹജ് തീര്‍ഥാടകരെ സൗദിയിയിലേക്ക് അയച്ചതായി ശ്രദ്ധയില്‍ പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന വ്യാജ ഉംറ സര്‍വീസ് കമ്പനികളെയും ഏജന്‍സികളെയും കണ്ടെത്തി തടയാന്‍ സൗദി കമ്പനികള്‍ സുരക്ഷാ വകുപ്പുകളുമായി സഹകരിക്കാന്‍ തുടങ്ങിയത്.
സൗദിയിലെയും വിദേശങ്ങളിലെയും ഏജന്റുമാര്‍ നിയമാനുസൃതം ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാമ്പത്തിക ശേഷയില്ലാത്തവരെ സന്ദര്‍ശന വിസയില്‍ പുണ്യഭൂമിയിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇത് വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ തീര്‍ഥാടകര്‍ അനധികൃതമായി സൗദിയില്‍ തങ്ങല്‍, തീര്‍ഥാടകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും ഭക്ഷണവും ലഭിക്കാതിരിക്കല്‍, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടല്‍ പോലെയുള്ള നിരവധി നിഷേധാത്മക പ്രവണതകള്‍ക്ക് ഇടയാക്കുന്നു.
ഈ വര്‍ഷത്തെ ഉംറ സീസണ്‍ തയാറെടുപ്പുകളുടെ ഭാഗമായി ഉംറ സര്‍വീസ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമകളുമായും ഉന്നതാധികൃതരുമായും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് കഴിഞ്ഞ ദിവസം മക്കയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉംറ, സിയാറത്ത് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബന്ധപ്പെട്ട വകുപ്പുകളും യോഗത്തില്‍ സംബന്ധിച്ചു. പൊതുലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് ഉറപ്പാക്കാനും ഉംറ തീര്‍ഥടകര്‍ക്കും സന്ദര്‍ശകര്‍ക്കും സമ്പന്നമായ അനുഭവം സമ്മാനിക്കാനും മികച്ച സേവനങ്ങള്‍ നല്‍കാനും ഹജ്, ഉംറ മന്ത്രാലയവും ഉംറ സര്‍വീസ് സ്ഥാപനങ്ങളും തമ്മില്‍ നിരന്തര ആശയവിനിമയം തുടരാന്‍ യോഗത്തില്‍ ധാരണയായി.
കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ നിന്നുള്ള 83.5 ലക്ഷത്തിലേറെ പേര്‍ക്ക് ഉംറ വിസകള്‍ അനുവദിച്ചിരുന്നു. ആകെ 83,56,746 ഉംറ വിസകളാണ് അനുവദിച്ചത്.
ഇതില്‍ 45,01,615 പേര്‍ വനിതകളും 38,55,131 പേര്‍ പുരുഷന്മാരുമായിരുന്നു. ലക്ഷക്കണക്കിന് വിദേശികള്‍ സന്ദര്‍ശന, ടൂറിസ്റ്റ്, ട്രാന്‍സിറ്റ് വിസകളിലും സൗദിയില്‍ പ്രവേശിച്ച് കഴിഞ്ഞ വര്‍ഷം ഉംറ കര്‍മം നിര്‍വഹിച്ചു. 2030 ഓടെ പ്രതിവര്‍ഷം വിദേശങ്ങളില്‍ നിന്ന് പുണ്യഭൂമിയിലെത്തുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയര്‍ത്താന്‍ വിഷന്‍ 2030 ലക്ഷ്യമിടുന്നു.