ഗയാന: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. ഇംഗ്ലണ്ടിനെ 68 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ ബർത്ത് സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനെ ദക്ഷിണാഫ്രിക്ക അറുപത് റൺസിന് തോൽപ്പിച്ചു.
മഴ കാരണം ഇടക്ക് മുടങ്ങിയ കളി പുനരാരംഭിച്ച ശേഷം ഇന്ത്യ മികച്ച സ്കോറിലേക്ക് ഉയർന്നിരുന്നു. ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. നായകൻ രോഹിത് ശർമ്മ 39 പന്തിൽ 57 റൺസ് നേടിയതാണ് ഇന്ത്യക്ക് കരുത്തായത്. സൂര്യകുമാർ യാദവ് 36 പന്തിൽ 47 ഉം ഹാർദിക് പാണ്ഡേ 13 പന്തിൽ 23 ഉം രവീന്ദ്ര ജഡേജ് 9 പന്തിൽ 17 ഉം അക്സർ പട്ടേൽ ആറു പന്തിൽ പത്തു റൺസും നേടി. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയിൽ ക്രിസ് ജോർദാന് മൂന്നു വിക്കറ്റ് ലഭിച്ചു. മൂന്നോവറിൽ 37 റൺസ് വഴങ്ങിയായിരുന്നു മൂന്നു വിക്കറ്റ് നേട്ടം.
ഇന്ത്യക്ക് തുടക്കത്തിൽതന്നെ മുൻ നായകൻ വിരാട് കോലിയെ നഷ്ടമായിരുന്നു. മൂന്നാമത്തെ ഓവറിൽ ടോപ് ലേയുടെ പന്തിൽ കോലി പുറത്തായി. ഒൻപത് റൺസായിരുന്നു കോലി നേടിയത്. ആറാമത്തെ ഓവറിൽ റിഷഭ് പന്തും പുറത്ത്. കുറാന്റെ പന്തിൽ ബാരിസ്റ്റോവിന് ക്യാച്ച്.
ഇന്ത്യ രണ്ടിന് 65 എന്ന നിലയിൽ എത്തിയ വേളയിൽ മഴയെത്തി. ഈ സമയത്ത് 26 പന്തില്‍ 37 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും ഏഴ് പന്തില്‍ 13 റണ്‍സുമായി സൂര്യകുമാര്‍ യാദവുമായിരുന്നു ക്രീസില്‍.
മഴ മാറി കളി തുടങ്ങിയതോടെ ഇന്ത്യ ഫോമിലേക്കുയർന്നു. ഇന്ത്യയുടെ അടുത്ത വിക്കറ്റ് തെറിപ്പിക്കാൻ ഇംഗ്ലണ്ടിന് പതിനാലാമത്തെ ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. ടീമിന്റെ സ്കോർ 113-ൽ എത്തി നിൽക്കേ രോഹിത് ശർമ്മ പുറത്തായി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് നാലാമത്തെ ഓവരറിലെ ആദ്യ പന്തിൽ നായകൻ ജോസ് ഭട്ട്ലറിനെ നഷ്ടമായി. പതിനഞ്ച് പന്തിൽ 23 റൺസെടുത്ത ഭട്ട്ലറിനെ അക്സർ പട്ടേലിന്റെ പന്തിൽ റിഷഭ് പന്ത് പിടികൂടി. ഇംഗ്ലണ്ട് നിരയിൽ ഒരാൾക്ക് പോലും മുപ്പത് റൺസ് കടക്കാനായില്ല. ഹാരി ബ്രൂക്കാണ് ടോപ് സ്കോറർ. 19 പന്തിൽ 25 റൺസ്.
ഇന്ത്യയുടെ അക്സർ പട്ടേലും കുൽദീപ് യാദവുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇരുവരും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. നാലോവർ എറിഞ്ഞ പട്ടേൽ 23 ഉം കുൽദീപ് യാദവ് 19 ഉം റൺസ് മാത്രമാണ് വഴങ്ങിയത്.
ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് ടോസും വൈകിയിരുന്നു. പിന്നീട് മല്‍സരം തുടങ്ങുകയായിരുന്നു. എന്നാല്‍ വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
മറ്റൊരു സെമിയിൽ അഫ്ഗാൻ 9 വിക്കറ്റിന് പരാജയപ്പെട്ടു. ഓസ്ട്രേലിയയെ പുറത്താക്കി സെമിയിലെത്തിയ അഫ്ഗാൻ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ പകച്ചുപോയി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 56 റൺസെടുത്ത് പുറത്തായി. അമാനുള്ള ഉമർസായി മാത്രം പത്തു റൺസ് നേടി. ബാക്കി എല്ലാവരും പത്തിന് താഴെ റൺസ് മാത്രം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അറുപത് റൺസെടുത്തു. ക്വിന്റോൺ ഡി കോക്കിനെ മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. രണ്ടാമത്തെ ഓവറിൽ ഫസൽ ഹഖ് ഫാറൂഖിക്കായിരുന്നു വിക്കറ്റ്.