ജിദ്ദ – സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദിയില്‍ ഓഫീസ് തുറക്കാന്‍ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു. സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കാനും ബന്ധങ്ങള്‍ ശക്തമാക്കാനും ആഗ്രഹിച്ചാണ് സൗദിയില്‍ ഓഫീസ് തുറക്കാന്‍ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി തീരുമാനിച്ചതെന്ന് കുവൈത്ത് ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയും കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. അന്‍വര്‍ അല്‍മുദഫ് പറഞ്ഞു.
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച, സമ്പന്നമായ ഒരു നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്ക് നയിച്ച വലിയ സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനും സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് സൗദി സമ്പദ്‌വ്യവസ്ഥ.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 ലെ സ്ഥിരാംഗമാണ് സൗദി അറേബ്യ. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ സൗദി അറേബ്യ പ്രമുഖവും സ്വാധീനമുള്ളതുമായ പങ്ക് വഹിക്കുന്നു. സൗദി അറേബ്യയുടെ സാമ്പത്തിക, നിക്ഷേപ പ്രാധാന്യം ശ്രദ്ധേയമായ നിലക്ക് വര്‍ധിച്ചുവരികയാണ്. അന്താരാഷ്ട്ര സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിലും സൗദിയുടെ പങ്ക് വര്‍ധിച്ചുവരുന്നു.
സൗദിയിലെ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഓഫീസ് സൗദിയിലെ മികച്ച നിക്ഷേപാവസരങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ അതോറിറ്റിയെ സഹായിക്കും. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക വികസനം വര്‍ധിപ്പിക്കാനുള്ള സംയുക്ത പദ്ധതികളില്‍ സൗദി, അന്താരാഷ്ട്ര കമ്പനികളുമായി സഹകരണത്തിനുള്ള സാധ്യതകള്‍ ഇത് തീര്‍ച്ചയായും വര്‍ധിപ്പിക്കും. സൗദി അറേബ്യക്കും കുവൈത്തിനുമിടയില്‍ വാണിജ്യ വിനിമയവും നിക്ഷേപവും വര്‍ധിപ്പിക്കാനും സൗദിയില്‍ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഓഫീസ് തുറക്കുന്നത് സഹായിക്കും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ സംയുക്ത സഹകരണത്തിന് പുതിയ ചക്രവാളങ്ങള്‍ തുറക്കുമെന്നും ഡോ. അന്‍വര്‍ അല്‍മുദഫ് പറഞ്ഞു.