ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ പുതു ചരിത്രം രചിച്ച് അഫ്ഗാനിസ്ഥാന്‍
കിംഗ്‌സ്ടൗണ്‍: കിംഗ്സ്ടൗണിലെ വികാരനിര്‍ഭരമായ രാത്രിയെ ഉള്‍പുളകം കൊള്ളിച്ച് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെ എട്ടു റണ്‍സിന് തോല്‍പ്പിച്ച് ആദ്യമായി അഫ്ഗാനിസ്ഥാന്‍ സെമിയില്‍ പ്രവേശിച്ചു. ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു പ്രധാന ടൂര്‍ണ്ണമെന്റില്‍ ഇതാദ്യമായാണ് അഫ്ഗാന്‍ സെമിയിലെത്തുന്നത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയെയും അഫ്ഗാന്‍ തകര്‍ത്തിരുന്നു. അഫ്ഗാന്റെ സെമി പ്രവേശനത്തോടെ ഓസ്‌ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇന്ത്യയോടുള്ള തോല്‍വിയാണ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സേ നേടാനായുള്ളൂ. എന്നാല്‍ മറുപടി ബാറ്റിങില്‍ അഫ്ഗാന്‍ അവരുടെ തുരുപ്പ് ചീട്ടായ ബൗളിങിലൂടെ ബംഗ്ലാദേശിനെ വരിഞ്ഞ് കെട്ടി. 105 റണ്‍സിന് ബംഗ്ലാ കടുവുകളെ കൂടാരം കേറ്റി. 17.5 ഓവറില്‍ എല്ലാവരും പുറത്തായി. അഫ്ഗാന് വേണ്ടി റഹ്‌മാനുള്ള ഗുര്‍ബാസ് 55 പന്തില്‍ 43 റണ്‍സ് നേടി. ഇബ്രാഹീം സദ്‌റാന്‍ പതിനെട്ടും നായകന്‍ റഷീദ് ഖാന്‍ പത്തു പന്തില്‍ 19 റണ്‍സും(പുറത്താകാതെ) നേടി. അസ്മത്തുള്ള ഒമര്‍ റാസി പത്തു റണ്‍സും സ്വന്തമാക്കി.
ബംഗ്ലാ നിരയില്‍ ലിറ്റണ്‍ ദാസ് 49 പന്തില്‍ 54 റണ്‍സ് നേടി. തൗഹീദ് ഹിദ്രോയ് പതിനാല് റണ്‍സ് നേടി. സൗമ്യ സര്‍ക്കാര്‍ പത്തു റണ്‍സും സ്വന്തമാക്കിയത് ഒഴിച്ചാല്‍ ബാക്കി ആരും രണ്ടക്കം കടന്നില്ല.
കഴിഞ്ഞ മത്സരത്തില്‍ ഓസീസിന്റെ നടുവൊടിച്ച നവീനുല്‍ ഹഖ് ഈ മത്സരത്തിലും സംഹാരതാണ്ഡവമാടി. നാലു വിക്കറ്റാണ് നവീന്‍ കൊയ്തത്. റാഷിദ് ഖാനും നാലു വിക്കറ്റ് വീഴ്ത്തി. ഫസല്‍ ഹഖ് ഫാറൂഖി, ഗുല്‍ബദിന്‍ നായിബ് എന്നിവര്‍ക്കായിരുന്നു അവശേഷിക്കുന്ന വിക്കറ്റ്.