ജിദ്ദ – ജിദ്ദ എയര്‍പോര്‍ട്ടിനെയും മക്കയെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നാലാം ഘട്ട ജോലികളുടെ 24 ശതമാനം പൂര്‍ത്തിയായതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. നാലാം ഘട്ടത്തിന് 11 കിലോമീറ്റര്‍ നീളമാണുള്ളത്. ഇരു ദിശകളിലേക്കും നാലു വീതം ട്രാക്കുകളും 16 മീറ്റര്‍ വീതിയില്‍ മധ്യത്തില്‍ ഡിവൈഡറുമുള്ള റോഡ് നാലു ഘട്ടങ്ങളായി വിഭജിച്ചാണ് നിര്‍മിക്കുന്നത്. ഇതില്‍ ആകെ 51 കിലോമീറ്റര്‍ നീളമുള്ള മൂന്നു ഘട്ടങ്ങള്‍ ഇതിനകം വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ജിദ്ദയില്‍ നിന്ന് ഹദാ-അല്‍ജുമൂം ഇന്റര്‍സെക്ഷന്‍ വരെയുള്ള ഭാഗമാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിരിക്കുന്നത്.
ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഗുണം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നാണ് ജിദ്ദ-മക്ക ഡയറക്ട് റോഡ്. സുരക്ഷക്കും ഗുണമേന്മക്കും ഊന്നല്‍ നല്‍കുന്ന റോഡ് മേഖലാ തന്ത്രം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത് സഹായിക്കും. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും മക്കയിലെ ഫോര്‍ത്ത് റിംഗ് റോഡിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് ജിദ്ദ-മക്ക യാത്രാ സമയം 35 മിനിറ്റ് ആയി കുറക്കും.
ജിദ്ദ അല്‍ഹറമൈന്‍ റോഡിലും ജിദ്ദ-മക്ക എക്‌സ്പ്രസ്‌വേയിലും ഗതാഗതത്തിരക്ക് കുറക്കുകയും ജിദ്ദ നഗരത്തിനകത്ത് വാഹന ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പുതിയ റോഡിന്റെ ആകെ നീളം 62 കിലോമീറ്ററാണ്. ജിദ്ദ എയര്‍പോര്‍ട്ടിനു സമീപം അല്‍നുസ്ഹ ഡിസ്ട്രിക്ട് ഇന്റര്‍സെക്ഷന്‍ മുതല്‍ മക്ക ഫോര്‍ത്ത് റിംഗ് റോഡു വരെയാണ് പുതിയ റോഡ് നിര്‍മിക്കുന്നത്. വിഷന്‍ 2030 ലക്ഷ്യമിടുന്നതു പ്രകാരം തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഉള്‍ക്കൊള്ളാന്‍ പുതിയ റോഡ് സഹായിക്കും. കിഴക്കന്‍ ജിദ്ദയിലും ഉത്തര മക്കയിലും പുതിയ ജനവാസ മേഖലകള്‍ക്കും പുതിയ റോഡ് ഗുണകരമാകും.