മനാമ: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച കലാമത്സരത്തില്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി മധുമിത നടരാജന് മൂന്നാം സമ്മാനം നേടി. ലോകാരോഗ്യ സംഘടന അവരുടെ ബഹ്റൈന്‍ കണ്ട്രി ഓഫീസ് വഴിയാണ് കലാമത്സരം നടത്തിയത്.
14-15 പ്രായവിഭാഗത്തിനുള്ള മത്സരത്തിലാണ് ഇന്ത്യന്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മധുമിത സമ്മാനം നേടിയത്. മാതാപിതാക്കളായ വി നടരാജന്, സ്വപ്നപ്രത നടരാജന്, ഇന്ത്യന്‍ സ്കൂള്‍ മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ലോകാരോഗ്യ സംഘടന ബഹ്റൈന്‍ കണ്ട്രി ഓഫീസില്‍ വെച്ച് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്കി മധുമിതയെ ആദരിച്ചു. പുകവലിക്കെതിരായ പദ്ധതികളും നയങ്ങളും അനുസൃതമായി, പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തുകയാണ് മത്സരം ലക്ഷ്യമിടുന്നത്.
പ്രിന്‍സിപ്പല്‍ വി.ആര് പളനിസ്വാമി, സീനിയര്‍ വിഭാഗം അക്കാദമിക് അഡ്മിനിസ്ട്രേഷന് വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, പ്രധാന അധ്യാപകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്കൂള്‍ അധികൃതര്‍ മധുമിതയെ അനുമോദിച്ചു. ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര് പളനിസ്വാമി എന്നിവര്‍ അന്താരാഷ്ട്ര മത്സരത്തിലെ ഈ നേട്ടത്തിന് മധുമിത നടരാജനെ അഭിനന്ദിച്ചു.